രാജ്യത്താകെ മക്കൾ രാഷ്ട്രീയം കളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എതിരാളികൾ കണക്കറ്റ് വിമർശിക്കുമ്പോഴും കോൺഗ്രസുകാർക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയിട്ടില്ല. മക്കൾ രാഷ്ട്രീയത്തിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന വിശ്വാസം പോലും കോൺഗ്രസിൽ രൂഢമൂലമാണ്. ഇതിനിടെയാണ് കേരളത്തിലെ കോൺഗ്രസിൽ വീണ്ടും മക്കൾ രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നെന്ന വിവരം പുറത്തുവരുന്നത്.
കേരളത്തിലെ കോൺഗ്രസിൻ്റെ ചുമതലയിലേയ്ക്ക് ഒരു ഉയർന്ന നേതാവിൻ്റെ മകൻ എത്തുന്നു എന്നാണ് വിവരം. അത് മറ്റാരുമല്ല സാക്ഷാൽ എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയാണ് കെട്ടിയിറക്കപ്പെടുന്ന താരം. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കാണ് അനിലിൻ്റെ വരവെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ കോൺഗ്രസിൻ്റെ ഐടി സെൽ തലവനായി അനിൽ ആൻ്റണി നിയമിതനായിരുന്നു. അന്നുതന്നെ ഇത് പാർട്ടിയിലേയ്ക്കെത്തുന്നതിൻ്റെ സൂചനയാണെന്ന സംസാരം കോൺഗ്രസിൽ തന്നെ സജീവമായിരുന്നു. അത്തരം ചർച്ചകളെല്ലാം സത്യമായിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരം.
കോൺഗ്രസ് പാർട്ടി എക്കാലത്തും മക്കൾ രാഷ്ട്രീയത്തിൻ്റെ വിളനിലമാണ്. പുതിയ രാഷ്ട്രീയ സംസ്കാരം ഉടലെടുത്ത ഇക്കാലത്തും കോൺഗ്രസ് തങ്ങളുടെ പാരമ്പര്യം പിന്തുടരുന്നത് യുവാക്കളായ അണികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. കെട്ടിയിറപ്പെടുന്ന പാഴുകളെ ചുമക്കേണ്ട ഗതികേടിലാണ് കൊടിയും പിടിച്ച് കാറ്റിലും മഴയിലും പാർട്ടിക്കായി പോരടിക്കുന്നവരെന്നാതാണ് അവരെ അലട്ടുന്ന വിഷയം.