തിരുവനന്തപുരം: നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി വ്യക്തമാക്കി. ഹൈക്കമാന്‍ഡില്‍ നിന്നും ഒരു സമ്മര്‍ദവും ഇക്കാര്യത്തിലുണ്ടാവില്ലെന്നും ശാസ്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ തമ്മില്‍ ധാരണയായെന്നാണ് അറിവ്. നെഹ്റു-ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസ് ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം സ്വാഭാവികം മാത്രം.എന്നാല്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതിനെ സംസ്ഥാനം ഗൗരവമായി കാണണം. രാജ്യത്താകമാനം വിഭാഗീയത കൊണ്ടുവരാനുള്ള ശ്രമമാണ് ബി.ജെ.പി. നടത്തുന്നതെന്നും ശാസ്ത്രി ആരോപിച്ചു. ബി.ജെ.പിക്കെതിരേയുള്ള ഇപ്പോഴത്തെ നീക്കങ്ങളുടെ മുമ്പന്തിയില്‍ പ്രാദേശികപാര്‍ട്ടികള്‍ വന്നത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണ്.
ആശയപരമായി പല വ്യത്യാസങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസുകാര്‍ ഒന്നിച്ചുനില്‍ക്കണം. നെഹ്രു-ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ല. അതുകൊണ്ട് അവരുടെ കൈകള്‍ക്ക് കൂടുതല്‍ കരുത്ത് പകരണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണം വഞ്ചനയുടെയും വാഗ്ദാനലംഘനത്തിന്റേതുമായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനചെലവിനു പുറമെ ലാഭത്തിന്റെ അമ്പതു ശതമാനം കൂടി കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്നു തെരഞ്ഞെടുപ്പ് സമയത്ത് ഉറപ്പുനല്‍കിയ മോഡി അധികാരത്തിലെത്തിയപ്പോള്‍ സുപ്രീംകോടതിയില്‍ തന്നെ ഇതു പ്രായോഗികമല്ലെന്നു വ്യക്തമാക്കി.
കാര്‍ഷികവളര്‍ച്ച നെഗറ്റീവായി. പ്രതിവര്‍ഷം 2 കോടി തൊഴിലവസരങ്ങള്‍ എന്നു പറഞ്ഞിട്ട് ആകെ സൃഷ്ടിച്ചത് 1.3 ലക്ഷംതൊഴിലവസരങ്ങളാണ്. അടിസ്ഥാനസൗകര്യങ്ങളില്ലാത്തുകൊണ്ട് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയും സ്വച്ഛ് ഭാരത് അഭിയാനും പരാജയമായി. മോഡിയുടെ വിദേശനയം പോലും പരാജയപ്പെട്ടു. പാകിസ്താനോട് മാത്രമാണ് താല്‍പ്പര്യം. എന്നാല്‍ ഉപഭൂഖണ്ഡലത്തിലെ മറ്റു രാജ്യങ്ങളെല്ലാം ഇന്ത്യയുടെ ശത്രുക്കളാകുകയാണെന്നും അനില്‍ ശാസ്ത്രി പറഞ്ഞു.