
സ്വന്തം ലേഖകൻ
ആലപ്പുഴ:കുട്ടനാട്ടിൽ ആറുമാസം ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാമുകിയെ യുവാവും മറ്റൊരു കാമുകിയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം പള്ളാത്തുരുത്തി ആറ്റിൽ കണ്ടെത്തിയത്. അനിതയെ നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷും (36) കാമുകി കൈനകരി തോട്ടുവാത്തല പതിശ്ശേരി വീട്ടിൽ രജനിയും (38) ചേർന്നാണ് കൊലപ്പെടുത്തിയത്.
കായംകുളത്തെ ഫാമിൽ ജോലിചെയ്യുന്ന സമയത്താണ് അനിതയും പ്രബീഷും പരിചയപ്പെടുന്നത്. പ്രണയമായപ്പോൾ ഭർത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ച് അനിത പ്രബീഷിനൊപ്പം നാടുവിടുകയായിരുന്നു.
രണ്ടുവർഷത്തോളം കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും താമസിച്ചു. അതിനിടെ അനിത ഗർഭിണിയായി. ഇതേസമയംതന്നെ, പ്രബീഷ് കൈനകരിക്കാരിയായ രജനിയുമായും ബന്ധം പുലർത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രജനി കുടുംബം ഉപേക്ഷിച്ചാണ് പ്രബീഷുമായി അടുത്തത്.
ഗർഭിണിയായതോടെ വിവാഹം കഴിക്കണമെന്ന് അനിത പ്രബീഷിനോട് ആവശ്യപ്പെട്ടിരുന്നു.ഇതോടെ രജനിയും പ്രബീഷും ചേർന്ന് അനിതയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പിന്നീട് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് വെള്ളിയാഴ്ച രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് അനിതയെ വിളിച്ചുവരുത്തുകയായിരുന്നു.
വിളിച്ചുവരുത്തി. മൂവരും ചേർന്ന് ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേർന്ന് അനിതയുടെ കഴുത്തുഞെരിച്ചു. അബോധാവസ്ഥയിലായതോടെ മരിച്ചെന്നുകരുതി ആറ്റിൽത്തള്ളാൻ തീരുമാനിച്ചു.
എന്നാൽ അനിതയെ കയറ്റിയപ്പോൾ വള്ളം മറിഞ്ഞു. അനിതയെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. ബോധരഹിതയായ അനിത വെള്ളം ഉള്ളിൽച്ചെന്നാണ് മരിച്ചത്. ശനിയാഴ്ചരാത്രി ഏഴുമണിയോടെ പള്ളാത്തുരുത്തി അരയൻതോടുപാലത്തിനു സമീപം ആറ്റിൽ മൃതദേഹം പൊങ്ങി. പോസ്റ്റ്‌മോർട്ടത്തിലെ സൂചനകളിൽനിന്ന് സംഭവം കൊലപാതകമാണെന്ന രീതിയിൽ നെടുമുടി പൊലീസ് അന്വേഷണം തുടങ്ങി. അനിതയുടെ ഫോൺരേഖകൾവഴിയാണ് പൊലീസ് പ്രബീഷിലേക്കെത്തിയത്.
മൊബൈൽ ഫോൺ ആലപ്പുഴയിലെ കടയിൽ വിറ്റെന്ന് മനസ്സിലാക്കി. അതിനു തൊട്ടുമുൻപ് മൊബൈൽവഴി ഓൺലൈനായി ഭക്ഷണം വാങ്ങിയിരുന്നു. മേൽവിലാസം മനസ്സിലാക്കി പൊലീസ് എത്തുമ്പോൾ ഇരുവരും നാടുവിടാൻ തയ്യാറെടുക്കുകയായിരുന്നു.
അതിനിടെ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
ചിത്രം സഹിതമുള്ള സന്ദേശം കണ്ട് പുന്നപ്ര സ്വദേശിക്ക് അത് അനിതയാണെന്ന് സംശയം തോന്നി. പഞ്ചായത്തംഗം മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ഒരു വർഷത്തോളമായി അനിത വീടു വിട്ടിട്ടെന്ന വിവരം ലഭിച്ചു. അനിതയുടെ ഫോൺ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇവർ ഭർത്താവിന് സുഖമില്ലെന്നുപറഞ്ഞ് ആലത്തൂരിലെ ജോലിസ്ഥലത്തുനിന്ന് ആലപ്പുഴയിലേക്കു പോയതായി അറിഞ്ഞു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പൊലീസ് സംശയിച്ചത്.
പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ മൃതദേഹത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്ന സൂചന നൽകിയിരുന്നു. കഴുത്തു ഞെരിച്ചതിന്റെ ഫലമായി ഞരമ്ബുകൾക്കും തൈറോയ്ഡ് ഗ്രന്ഥിക്കും തകരാർ സംഭവിച്ചുവെന്നും വ്യക്തമായി. ഇതോടെ കൊലപാതകമെന്ന നിഗമനത്തിൽ പൊലീസെത്തുകയായിരുന്നു.
പ്രതി പ്രബീഷാണെന്ന വിവരം ലഭിച്ച പോലീസിന് കൈനകരിയിലെ വീട്ടിൽനിന്ന് ഇവരെ പിടിക്കുകയെന്നതായിരുന്നു വെല്ലുവിളി. പൊലീസ് വരുന്നെന്ന വിവരം ലഭിച്ചാൽ ആറിനോടു ചേർന്നുള്ള വീട്ടിൽനിന്ന് പ്രതികൾ രക്ഷപ്പെടാനിടയുണ്ടെന്ന് പൊലീസ് കണക്ക് കൂട്ടി. തുടർന്ന് മൂന്നു പേർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന രജനിയുടെ വീട്ടിലെത്തി.
ആലപ്പുഴയിൽ ഛർദിയും വയറിളക്കവും പടരുന്നുണ്ടെന്നും പ്രതികൾ ഭക്ഷണം വാങ്ങിയ അതേ ഹോട്ടലിൽനിന്നുള്ള ഭക്ഷണംകഴിച്ച രണ്ടു പേർ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലാണെന്നും എത്രയുംവേഗം തങ്ങളോടൊപ്പം ആശുപത്രിയിൽ എത്തണമെന്നും പ്രബീഷിനോടാവശ്യപ്പെടുകയായിരുന്നു.
ഇതു വിശ്വസിച്ച പ്രബീഷ് രജനിയും തന്നോടൊപ്പം ഭക്ഷണം കഴിച്ചെന്നും അവരെക്കൂടി ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു.തുടർന്ന് ഇരുവരെയും വാഹനത്തിൽക്കയറ്റി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.