പൊലീസിൽ പരാതി നൽകിയെന്ന് ആരോപിച്ച് ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു ;പതിനേഴുകാരിയെ കടിച്ച് പരിക്കേൽപ്പിച്ചുവെന്നും ആരോപണം

സ്വന്തം ലേഖകൻ

മലപ്പുറം: പൊലീസിൽ പരാതി നൽകിയെന്ന് ആരോപിച്ച് നിലമ്പൂർ വഴിക്കടവിൽ ഭാര്യയെ ഭർത്താവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ സീനത്തിനെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭർത്താവ് മദ്യലഹരിയിൽ മർദിക്കുന്നുവെന്ന് ഇന്നലെ വൈകുന്നേരം സീനത്ത് വഴിക്കടവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ വഴിയാണ് സീനത്ത് പരാതി പൊലീസിനെ അറിയിച്ചത്. ഇത് അന്വേഷിക്കാൻ വഴിക്കടവ് പൊലീസ് എത്തിയ സമയത്ത് സലീം ഒളിച്ചിരിക്കുകയും പൊലീസ് മടങ്ങിയ ശേഷം രാത്രിയോടെ വീട്ടിൽ ഉണ്ടായിരുന്ന കൈക്കോടാലി കൊണ്ട് സലീം സീനത്തിനെ വെട്ടുകയുമായിരുന്നു.

ആക്രമണം തടയാൻ ശ്രമിച്ച പതിനേഴുകാരിയായ മകളെയും സലീം ക്രൂരമായി മർദിച്ചു. കുട്ടിയുടെ കൈക്ക് പ്രതി കടിച്ച് പരിക്കേൽപ്പിച്ചു. ഇയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.

സീനത്ത് അപകടനില തരണം ചെയ്തു എന്നാണ് വിവരം. സലീമിനെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പ് അനുസരിച്ചും ആണ് കേസെടുത്തിരിക്കുന്നത്.

Top