തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് അധികാരം ഉപയോഗിച്ച് പല തട്ടിപ്പും നടത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സ്ഥാനങ്ങള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്ന് പറയുന്ന അഞ്ജു അധികാരദുര്‍വിനിയോഗം ചെയ്തതിന്റെ രേഖകള്‍ പ്രമുഖ മാധ്യമം പുറത്തുവിട്ടു.
സ്വന്തം സഹോദരന്‍ അജിത് മാര്‍ക്കോസിന് വേണ്ട യോഗ്യതകളൊന്നും ഇല്ലാതിരുന്നിട്ടും വമ്പന്‍ ശമ്പളത്തില്‍ സ്പോര്‍ട്സ് കൗണ്‍സിലില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ തസ്തികയില്‍ നിയമനം നല്‍കിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദാനന്തര ബിരുദവും പരിശീലനത്തില്‍ എന്‍ഐഎസ് ഡിപ്ലോമയുമാണ് ഈ തസ്തികയ്ക്ക് അക്കാദമിക യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഒപ്പം രാജ്യാന്തര തലത്തിലെ കോച്ചായുള്ള പരിചയമോ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ വിദഗ്ധനോ ആയിരിക്കണമെന്നും ഇന്ത്യയെ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പില്‍ പ്രതിനിധീകരിച്ചിരിക്കണമെന്നും പറയുന്നു. ഡെപ്യൂട്ടേഷന്‍ വഴിയോ നേരിട്ടുള്ള നിയമനം വഴിയോ നികത്തേണ്ടതാണ് തസ്തികയെന്നുമാണ് വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്
എന്നാല്‍, അജിത് മാര്‍ക്കോസ് എംസിഎ ബിരുദധാരിയാണെന്നാണു റെസ്യൂമില്‍ വ്യക്തമാക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായ ഭാരതിയാര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള മഹാരാജ എന്‍ജിനീയറിംഗ് കോളജില്‍നിന്നാണ് അജിത് എംസിഎ സ്വന്തമാക്കിയത്. എട്ടുവര്‍ഷം ഐടി രംഗത്തു പരിചയമുണ്ടെന്നും റെസ്യൂം വ്യക്തമാക്കുന്നു. റെസ്യൂം വായിച്ചുനോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും, അജിതിന് കായികാധ്യാപന-പരിശീലനത്തില്‍ യാതൊരു യോഗ്യതയുമില്ലെന്നു മനസിലാകും
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട പ്രവര്‍ത്തങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു അജിത് മാര്‍ക്കോസിന്റെ നിയമനമെന്നു 2015 മാര്‍ച്ച് നാലിന് കായിക യുവജനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തവില്‍ പറയുന്നു. ദേശീയ ഗെയിംസില്‍ സംസ്ഥാന ടീമിനുവേണ്ടി പ്രീജശ്രീധരന്‍, സിനിമോള്‍ പൗലോസ്, സജീഷ് ജോസഫ് എന്നിവരെ പരിശീലിപ്പിച്ചത് അജിത് മാര്‍ക്കോസാണെന്നാണ് ഉത്തരവില്‍ പറയുന്നത്. താരങ്ങള്‍ക്കു പരിശീലനം തുടരാനാണ് നിയമനമെന്നും ഈ ഉത്തരവില്‍ പറയുന്നു.
തികച്ചും വഴിവിട്ട രീതിയിലാണ് സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റായ അഞ്ജു ബോബി ജോര്‍ജ് സഹോദരന് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിയമനം വാങ്ങി നല്‍കിയതെന്നു വ്യക്തമാകുന്നതാണ് രേഖകള്‍. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഉത്തരവിറക്കിയതെന്നും ശ്രദ്ധേയം. അതായത് സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങുന്നതിന് മുമ്പു സഹോദരനെ സര്‍വീസില്‍ തിരികിക്കിയറ്റാനാണ് അഞ്ജു ബോബി ജോര്‍ജ് ശ്രമിച്ചതെന്നു ചുരുക്കം.