സഹോദരിയുടെ മരണത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ യുവാവിന്‍റെ കുത്തിയിരിപ്പ് സമരം  

രാജസ്ഥാന്‍ :സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ മനീഷ് എന്ന യുവാവാണ് സഹോദരി മോണിക്ക ശിവഹരെയുടെ മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീടിന് സമീപത്തെ കോട്ടയുടെ പിറക് വശത്തെ കുറ്റിക്കാട്ടില്‍ മോനിക്കയുടെ മൃതദേഹം കണ്ടെത്തുന്നത്. കാമുകനെ കാണാന്‍ പോകുവാന്‍ അമ്മ സമ്മതിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോട്ടയുടെ മുകളില്‍ കയറി എടുത്ത് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ തന്റെ സഹോദരി ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ മനീഷ് ഒരുക്കമായിരുന്നില്ല. കോട്ടയിലേക്ക് പോകുന്ന വഴിയിലെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച മനീഷ്, സഹോദരിയുടെ സ്‌കൂട്ടറിന് പുറകെ മറ്റൊരു യുവാവിന്റെ ബൈക്ക് പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അരമണിക്കൂറിനകം യുവാവ് തനിയെ ആണ് കോട്ടയില്‍ നിന്നും തിരിച്ച് വന്നത്. കൂടാതെ മോനിക്ക പഠിക്കുന്ന സ്ഥാപനത്തിനടുത്തായി ഈ ബൈക്ക് നേരത്തേ നിര്‍ത്തിയിട്ടിരുന്നതായും മറ്റൊരു സിസിടിവി ദൃശ്യങ്ങളില്‍ കാണുവാനിടയായി. ഈ തെളിവുകളുമായി സ്‌റ്റേഷനിലെത്തിയ മനീഷ് തെളിവുകള്‍ പൊലീസിനെ ഏല്‍പ്പിച്ചു. വിഷയത്തില്‍ തുടര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പൊലീസ് ഈ കാര്യത്തില്‍ പ്രതികളെ സംരക്ഷിക്കുന്നതിനായി അലംഭാവം തുടരുന്നത് കണ്ടാണ് സഹോദരന്‍ വീണ്ടും സമര രംഗത്തിറങ്ങിയത്.

Top