കോട്ടയം: കോട്ടയത്ത് കോളെജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളെജിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാഞ്ഞിരപ്പള്ളിയില്‍ പാരലല്‍ ആയി പഠിക്കുന്ന അവസാന വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു അഞ്ജു. ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ്് കോളെജ് ആയിരുന്നു അഞ്ചുവിന്റെ പരീക്ഷാ കേന്ദ്രം.സംഭവത്തില്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. മകള്‍ ആത്മഹത്യ ചെയ്തത് മാനസിക പീഢനം സഹിക്കവയ്യാതെയാണെന്നും പിതാവ് ഷാജി ആരോപിച്ചു. ഹാള്‍ടിക്കറ്റിലെ കയ്യക്ഷരം അഞ്ുവിന്റയല്ലായെന്നും ഹാള്‍ ടിക്കറ്റ് കോളെജ് അധികൃതര്‍ കാണിച്ചിരുന്നില്ല. സിസിടിവി ദൃശൃങ്ങളില്‍ കൃത്രിമത്വം കാട്ടിയെന്നും പിതാവ് ആരോപിച്ചു.
കോളെജ് മകള്‍ക്കെതിരെ ഉന്നയിക്കുന്നത് വെറും ആരോപണം മാത്രമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു. പരീക്ഷാ ഹാളിലേക്ക് കയറുന്നതിന് മുന്‍പ് ഹാള്‍ ടിക്കറ്റ് പരിശോധിച്ചിട്ടില്ലെന്നും പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.എന്നാല്‍ വിദ്യാര്‍ത്ഥിനി കോപ്പിയടിച്ചുവെന്ന് തന്നെയാണ് ഹോളിക്രോസ് കോളെജ് അധികൃതര്‍ വാദിക്കുന്നത്. പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന് പിറകില്‍ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതി വച്ചിരുന്നു. ക്ലാസില്‍ ഇന്‍വിജിലേറ്ററായ അധ്യാപകന്‍ ഇത് കണ്ടെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പളായ അച്ചന്‍ ഹാളിലേക്ക് എത്തിയെന്നും കോളെജ് അധികൃതര്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് അച്ചന്‍ പറയുകയായിരുന്നു. എന്നാല്‍ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് അത് കഴിഞ്ഞ് ക്ലാസില്‍ നിന്നും ഇറങ്ങി തന്നെ കാണണമെന്നും അച്ചന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടരയോടെ ഹാള്‍ വിട്ടിറങ്ങിയ വിദ്യാര്‍ത്ഥി ആരോടും പറയാതെ ക്യാമ്പസ് വിടുകയാണ് ചെയ്തതെന്ന് കോളെജ് അധികൃതര്‍ പറയുന്നു.
പെണ്‍കുട്ടി ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും പൊലീസും അധികൃതരും വിദ്യാര്‍ത്ഥിയെ വിദ്യാര്‍ത്ഥിയെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരകുന്നില്ല. പിന്നാലെ മുങ്ങല്‍വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയപ്പോഴാണ് അഞ്ജുവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നും കണ്ടെത്തിയത്.
വിദ്യാര്‍ത്ഥി പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. സംഭവത്തില്‍ അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു. പിന്നീട് മീനച്ചിലാറില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിന്നു.