കോട്ടയം: കോട്ടയത്തെ വിദ്യാര്‍ഥിനി അഞ്ജുവിന്റെ മരണത്തില്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത് . വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ കുടുംബം ഉറച്ചു നില്ക്കുന്നു.സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്നും പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാര്‍ഥിനിയുടെ പിതാവ് ഷാജി ആവശ്യപ്പെട്ടു. അതേസമയം പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ എംജി സര്‍വകലാശാല അന്വേഷണത്തിന് 2 അംഗ സമിതിയെ നിയോഗിച്ചു.
അതേസമയം വിദ്യാർഥിനിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് ഷാജിയുടെ മകൾ അഞ്ജു പി. ഷാജി(20)യുടെ മൃതദേഹമാണ് ഫയർഫോഴ്സും പോലീസും ചേർന്നു നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ 11.45നു ചെന്പിളാവ് കടവിനു സമീപത്ത് നിന്നും കണ്ടെത്തിയത്.
അഞ്ജുവിന്റെ മരണത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ കാര്യമായ പരിക്കുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ചെരുപ്പ്,വാച്ച്, മാല എന്നിവ മൃതദേഹത്തിലുണ്ടായിരുന്നു. അതിനാൽ മരണത്തിൽ ദുരൂഹതയില്ലെന്നും കിടങ്ങൂർ പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളജ് വിദ്യാർഥിനിയായ അഞ്ജു പി. ഷാജി, ബികോം ആറാം സെമസ്റ്റർ പരീക്ഷ എഴുതാനാണ് ശനിയാഴ്ച ചേർപ്പുങ്കൽ ഹോളിക്രോസ് കോളജിൽ എത്തിയത്. പരീക്ഷാഹാളിൽ ഹാൾ ടിക്കറ്റ് പരിശോധിച്ചപ്പോൾ ഹാൾ ടിക്കറ്റിനു പിന്നിൽ പെൻസിൽ ഉപയോഗിച്ച് എഴുതിയ കുറിപ്പുകൾ അധ്യാപകൻ കണ്ടു.
ഇക്കാര്യം പ്രിൻസിപ്പലിനും ബോധ്യപ്പെട്ടപ്പോൾ അഞ്ജുവിനോടു ചട്ടപ്രകാരം വിശദീകരണം തേടി. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർഥിനി വിശദീകരണം നൽകാതെ കോളജ് വിട്ടു. വൈകുന്നേരമായിട്ടും വീട്ടിലെത്താതെ വന്നതോടെ മാതാപിതാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ അഞ്ജുവിന്റെ ബാഗ് ചേർപ്പുങ്കൽ പാലത്തിനുസമീപം കണ്ടത്തെിയിരുന്നു.
സംഭവത്തിൽ കോളജ് അധികൃതരോട് എംജി സർവകലാശാല പരീക്ഷ കണ്ട്രോളർ ഡോ. സി.എം. ശ്രീജിത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്. കിടങ്ങൂർ എസ്എച്ച്ഒ സിബി തോമസ്, എസ്ഐ ആന്റണി ജോസഫ് നെറ്റോ എ്ന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ജുവിന്റെ മാതാവ് സജിത. സഹോദരങ്ങൾ: ചിഞ്ചു, ജാതദേവൻ.
അതേസമയം പരീക്ഷയെഴുതാൻ എത്തിയ വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളജ് അധികൃതർ.വിദ്യാർഥിനിയുടെ മരണം മറയാക്കി കോളജിനെതിരേ ചില സംഘടനകളും മാധ്യമങ്ങളും ആരോപണവുമായി രംഗത്തുവന്നതോടെയാണ് കോളജ് അധികൃതർ ഇന്നലെ പത്രസമ്മേളനം വിളിച്ചു സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പുറത്തുവിട്ടത്.
സംഭവത്തിൽ കോളജ് നൽകുന്ന വിശദീകരണം ഇങ്ങനെ: ശനിയാഴ്ച ബികോം ആറാം സെമസ്റ്റർ പ്രൈവറ്റ് വിദ്യാർഥികളുടെ പരീക്ഷ കോളജിൽ നടക്കുകയായിരുന്നു.പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടയിൽ അഞ്ജു പി. ഷാജിയുടെ ഹാൾ ടിക്കറ്റിനു മറുവശത്ത് അന്നു നടക്കുന്ന പരീക്ഷയുടെ പാഠഭാഗങ്ങൾ എഴുതി കൊണ്ടുവന്നതായി ശ്രദ്ധയിൽപെട്ടു.
പെൻസിൽ ഉപയോഗിച്ചാണ് എഴുതിയിരുന്നത്. ഈ വിവരം ഹാളിൽ ഉണ്ടായിരുന്ന അധ്യാപകൻ പ്രിൻസിപ്പലിനു റിപ്പോർട്ട് ചെയ്തു. പ്രിൻസിപ്പൽ കുട്ടിയെ സമീപിക്കുകയും വിശദീകരണം നല്കാൻ ഓഫീസിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്തു. പരീക്ഷ തുടങ്ങിക്കഴിഞ്ഞാൽ ഒരു മണിക്കൂർ കഴിയാതെ ആരെയും പുറത്തുവിടരുതെന്നാണ് ചട്ടം.
അതിനാൽ ഒരു മണിക്കൂർ പൂർത്തിയാകുന്പോൾ പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്താനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ, വിദ്യാർഥിനി ഓഫീസിൽ റിപ്പോർട്ട് ചെയ്യാതെ കോളജിൽനിന്നു പോയി. കുട്ടിയെ കോളജ് അധികൃതർ മാനസികമായി പീഡിപ്പിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല.
സമീപത്തു പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികളും ഇതു സാക്ഷ്യപ്പെടുത്തുന്നു. നൂറോളം വിദ്യാർഥികൾ ഹാളിൽ പരീക്ഷ എഴുതുന്നുണ്ടായിരുന്നു. ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്ന സിസി ടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ കൈയിൽനിന്നു ലഭിച്ച ഹാൾ ടിക്കറ്റും കോളജ് അധികൃതർ പത്രസമ്മേളനത്തിൽ ഹാജരാക്കി. ഇവ പോലീസിനു കൈമാറിയിട്ടുണ്ടെന്നും കോളജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്നതും യാതൊരു വിധ ആരോപണങ്ങൾക്കും വിധേയമാകാത്തതായ കോളജിനെതിരെ യാഥാർഥ്യം മനസിലാക്കാതെ ദുഷ്പ്രചാരണം നടത്തുന്നതു തികച്ചും ദൗർഭാഗ്യകമാണെന്നും കോളജ് അധികൃതർ പറഞ്ഞു.