കൂടത്തായി കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്. തന്റെ ആദ്യ ഭർത്താവ് റോയി തോമസിന്റെ മാതാവ് അന്നമ്മയെ കൊലപ്പെടുത്തിയത് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകി. ജോളി നടത്തിയ ആദ്യ കൊലപാതകമായിരുന്നു ഇത്. എന്നാൽ പോലീസിനെ വട്ടംകറക്കാനായി ജോളി എല്ലാം വെറുതേ ഏറ്റെടുക്കുകയാണെന്ന സംശയവലും വർദ്ധിക്കുന്നുണ്ട്.
സിലിയെ മൂന്ന് പ്രാവശ്യം കൊലപ്പെടുത്താന്‍ ശ്രമിച്ചു. മൂന്നാം തവണ പണ്ട് പ്രാവശ്യം സയനൈഡ് നല്‍കിയാണ് സിലിയെ ഒടുവില്‍ കൊലപ്പെടുത്തിയത്. ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നും ജോളി മൊഴി നല്‍കി. മൂന്നാം തവണ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ജോളി സിലിക്കുള്ള ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയത്. തുടര്‍ന്ന് ഷാജുവും സിലിയും ദന്താശുപത്രിയിലേക്ക് പോകുമ്പോള്‍ മരണം ഉറപ്പിക്കാനായി ജോളിയും അവര്‍ക്കൊപ്പം കാറില്‍ കയറി.
ദന്താശുപത്രിയില്‍ എത്തി ഷാജു ഡോക്ടറെ കാണാന്‍ പോയപ്പോള്‍ സിലി ജോളിയുടെ മടിയില്‍ കുഴഞ്ഞുവീണു. ഈ സമയം കുടിവെള്ളം എന്ന പേരില്‍ സയനൈഡ് കലര്‍ത്തി കൈയ്യില്‍ സൂക്ഷിച്ചിരുന്ന വെള്ളം ജോളി സിലിക്ക് നല്‍കി. മരണം ഉറപ്പിക്കാനായിരുന്നു ഇതെന്നും ജോളി പോലീസിനോട് വെളിപ്പെടുത്തി.
അതേസമയം ജോളിയും സുഹൃത്ത് ജോണ്‍സനും തമ്മില്‍ സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഇത് ജോണ്‍സന്റെ അറിവോടെയണെന്നാണ് പോലീസ് കരുതുന്നത്. മുന്‍ കൊലപാതകങ്ങളില്‍ ജോണ്‍സന് ഏതെങ്കിലും വിധത്തിലുള്ള പങ്ക് ഉണ്ടോ എന്ന് പരിശോധിക്കാനും പോലീസ് തീരുമാനമായിട്ടുണ്ട്.
രണ്ടാം ഭര്‍ത്താവായ ഷാജുവിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഷാജുവിനെയും ജോണ്‍സന്റെ ഭാര്യയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചുവെന്നും ജോണ്‍സനുമായുള്ള വിവാഹത്തിനുവേണ്ടിയായിരുന്നു ഇതെന്നും ജോളി മൊഴി നല്‍കി എന്നാണ് വിവരം. ജോളിയും ജോണ്‍സനും തമ്മിലുണ്ടായിരുന്നത് സൗഹൃത്തിന് അപ്പുറമുള്ള ബന്ധമാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന.