കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷി?ഗെല്ല മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ആര്‍ജവാണ് മരിച്ചത്.
ഈ മാസം 12നാണ് വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. മലപ്പുറം എയുപി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഷിഗെല്ല ബാധിച്ച് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്. അതില്‍ മൂന്ന് മരണവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ്.
അതേസമയം, വയനാട്ടില്‍ പുതിയ ഷിഗെല്ല കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഉടന്‍ ചികിത്സ തേടുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.
ഇതിനിടെ മലപ്പുറം ജില്ലയിലും ആശങ്ക ഉയരുകയാണ്. പെരിന്തല്‍മണ്ണയ്ക്കടുത്ത കീഴാറ്റൂരില്‍ നിന്നുള്ള ഒരു സ്ത്രീ ജൂണ്‍ 14ന് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. കൂടാതെ, തിരൂരങ്ങാടിയിലെ ഒരു ടെന്‍ഡര്‍ കൊക്കനട്ട് പാര്‍ലറിലെ കുടിവെള്ളത്തില്‍ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.
മെയ് 30ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലാണ് ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് ജ്യൂസ് കട അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായും ജില്ലയിലുടനീളം പരിശോധനകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വയനാട്, കോഴിക്കോട്, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമീപ ദിവസങ്ങളിലായി ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ കൂടുകയാണ്. ജനുവരി മുതല്‍ 135 ആളുകള്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചത്. ഷിഗല്ല മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ കര്‍ശന പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.


