ചുവപ്പ്‌നാടയുടെ നൂലാമാലകള്‍ പറഞ്ഞ് ഒരു മനുഷ്യനെ കൊലയ്ക്ക്ുകൊടുത്ത ആന്തൂര്‍ മുന്‍സിപ്പാലിറ്റിയില്‍ എല്ലാവര്‍ക്കുനേരെയും ഈ അധികാരപ്രമത്തതയില്ല. നിയമം നിയമത്തിന്റെ വഴിക്കേ പോകൂ എന്നതാണ് പ്രവാസിയുടെ ആത്മഹത്യക്ക് കാരണമായ കണ്‍വെന്‍ഷന്‍ സെന്റര്‍ സംബന്ധിച്ച് അധികൃതര്‍ പറഞ്ഞിരുന്നത്.
കണ്‍വെന്‍ഷന്‍ സെന്റര്‍ ചട്ടം ലംഘിച്ചു നിര്‍മ്മിച്ചുവെന്നാണ് നഗരസഭയുടെ നിലപാട്. സാജന്റെ പരാതി പരിഗണിച്ച് ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ നിര്‍മ്മാണം തുടരാന്‍ അനുമതി കൊടുത്തതാണ്. ഞാന്‍ നഗരസഭാ അധ്യക്ഷയായിരിക്കുന്നിടത്തോളം കാലം അനുമതി കിട്ടില്ല എന്ന് ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യ പറയുന്നു. ഇത് കണക്കിലെടുക്കാമെങ്കില്‍ ആ വാശിക്ക് കാരണം അന്വേഷിക്കേണ്ടി വരും. കൈക്കൂലിയാണെങ്കില്‍ അതൊരു പക്ഷേ ആ പ്രവാസി കൊടുത്തേനെ. അതിനും അപ്പുറമുള്ള കാരണമായിരിക്കണം.
എന്നാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നിഷേധിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സി.പി.എം നേതൃത്വം തന്നെ പ്രമുഖ നേതാക്കളുടെ മക്കള്‍ക്ക് വഴിവിട്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ മകന്‍ ജെയിസണ്‍ ഡയറക്ടറായ കമ്പനി നിര്‍മിക്കുന്ന റിസോര്‍ട്ടിന് നിയമങ്ങള്‍ കാറ്റി പറത്തി അനുമതി നല്‍കിയത്. കുറ്റിക്കോലിലെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അടുത്ത് മോറാഴ ഉടുപ്പക്കുന്നില്‍ നിര്‍മിക്കുന്ന ആയുര്‍വേദ റിസോര്‍ട്ടിനാണ് പരിശോധന പോലും ഇല്ലാതെ ആന്തൂര്‍ നഗരസഭ തന്നെ അനുമതി നല്‍കിയത്. പത്തേക്കറിലാണ് റിസോര്‍ട്ട് നിര്‍മാണം നടക്കുന്നത്.
പത്തേക്കറിലെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം ഗോവിന്ദന്റെ ഭാര്യ ചെയര്‍പേഴ്‌സണായ ആന്തൂര്‍ നഗരസഭ തന്നെയാണ് റിസോര്‍ട്ടിന് അനുമതി നല്‍കിയത് എന്നതാണ് ശ്രദ്ധേയം. പത്ത് ഏക്കറില്‍ പത്ത് മീറ്ററോളം കുന്നിടിച്ചാണ് ആശുപത്രിയും റിസോര്‍ട്ടും നിര്‍മിക്കുന്നത്. ഇതിനെതിരെ ഉയര്‍ന്ന പരാതികളെ ഭരണസ്വാധീനം ഉപയോഗിച്ച് ജിയോളജി റിപ്പോര്‍ട്ടില്‍ നിന്നും അനുകൂല റിപ്പോര്‍ട്ട് നേടുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും പ്രാദേശിക നേതൃത്വത്തിന്റെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു ആന്തൂര്‍ നഗരസഭ അനുമതി നല്‍കിയത്.
പത്ത മീറ്ററോളം കുന്ന് ഇടിച്ചുനിരത്തിയിട്ടും നിരവധി കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ഭൂഗര്‍ഭജലം ചൂഷണം ചെയ്തിട്ടും പരിശോധന നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ലെന്നും ആരോപണം ഉയരുന്നു. പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ തൂണുകള്‍ തമ്മിലുള്ള അകലം ഒന്നര ഇഞ്ച് കൂടുതലാണെന്ന സാങ്കേതിക ന്യായം പറഞ്ഞാണ് സാധാരണ സഖാവ് കൂടിയായ പ്രവാസി വ്യവസായിക്ക് ആത്മഹത്യയിലേക്ക് സി.പി.എം തള്ളിവിട്ടത്.