കൊച്ചി : ഞങ്ങളുടെ പാര്‍ട്ടിയാണ് ഭരിക്കുന്നത്, കാസര്‍കോട്ടേക്ക് സ്ഥലം മാറ്റും. കൊല്ലം പരവൂരില്‍ ആത്മഹത്യചെയ്ത എപിപി അനീഷ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്ന് അഭിഭാഷകന്‍ ഭീഷണിപ്പെടുത്തിയെന്ന് കുറിപ്പില്‍ പറയുന്നു . മറ്റൊരു എപിപിക്കെതിരെ വിവരാവകാശ അപേക്ഷ കൊടുത്തത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത സംഭവത്തിൽ മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദമെന്ന് ആത്മഹത്യക്കുറിപ്പിൽ പരാമർശം. കുറിപ്പിലെ പരാമർശങ്ങൾ സംബന്ധിച്ച് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
കാസര്‍കോട്ടേക്ക് സ്ഥലംമാറ്റും എന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ഡയറിക്കുറിപ്പില്‍ പറയുന്നു. 50 പേജുള്ള ഡയറിക്കുറിപ്പ് പൊലീസിന് ലഭിച്ചു. ജോലിചെയ്യാന്‍ സമ്മതിക്കില്ലെന്ന ഭീഷണി മാനസികമായി തളര്‍ത്തിയെന്ന അനീഷ്യയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംഗ്ഷൻ പ്രശാന്തിയിൽ എസ് അനീഷ്യയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെ സംബന്ധിച്ചുള്ള പരാതികൾ ഉൾക്കൊള്ളുന്ന ശബ്ദരേഖകളും പുറത്തായിരുന്നു. ജോലിയിൽ നേരിട്ടിരുന്ന സമ്മർദങ്ങളെക്കുറിച്ചായിരുന്നു അനീഷ്യ ശബ്ദരേഖകളിൽ അധികവും പറഞ്ഞിരുന്നത്.
കേസുകളിൽ നിന്നു വിട്ടു നിൽക്കാനും അവധിയെടുക്കാനും സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും കുറിപ്പിൽ പറയുന്നുണ്ട്.
ജോലിസ്ഥലത്തെ സമ്മര്‍ദം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഹപ്രവര്‍ത്തകര്‍. കടുത്തമാനസിക സമ്മര്‍ദം ഉള്‍പ്പെടെ വ്യക്തമാക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് അനീഷ്യ മരിക്കുന്നതിന് മുന്‍പ് തയാറാക്കി ഏറ്റവും അടുപ്പമുളളവര്‍ക്ക് അയച്ചുകൊടുത്തത്. ഒപ്പം ജോലി ചെയ്യുന്ന അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോലിക്ക് ഹാജരാകാതിരിക്കാന്‍ തക്കവണ്ണം താന്‍ സഹായിക്കാത്തതിന് സഹപ്രവര്‍ത്തകര്‍ അപമാനിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ ഒാഫ് പ്രോസിക്യൂഷനെതിരെയും പരാമര്‍ശമുണ്ട്. തന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കിയെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അനീഷ്യയുടെ വാക്കുകള്‍.
ഇക്കാര്യങ്ങള്‍ വിശദമായി എഴുതിയിരുന്ന ഡയറിയും പൊലീസിന് ലഭിച്ചു. സമൂഹമാധ്യമങ്ങളിലും കുറിപ്പെഴുതിയിട്ട ശേഷമാണ് നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക്ഷനു സമീപം പ്രശാന്തിയിൽ എസ് അനീഷ്യ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുവര്‍ഷമായി എപിപിയായി ജോലി ചെയ്യുകയായിരുന്നു. അനീഷ്യയുടെ ഭര്‍ത്താവ് മാവേലിക്കര സെഷൻസ് കോടതി ജഡ്‌ജ് അജിത് കുമാറാണ്.