ഇരിട്ടി: കഴിഞ്ഞ മൂന്നുദിവസമായി ആറളം ഫാമില്‍ തമ്പടിച്ച കടുവകാരണം ഫാംപുനരധിവാസ കോളനിക്കാരും തൊഴിലാളികളും ഭീതയിലാണ്.മൂന്നു ദിവസം മുന്‍പ് ജനവാസ മേഖലവഴി കൊക്കോട് പുഴകടന്ന് ഫാമിന്റെ രണ്ടാം ബ്‌ളോക്കിലാണ് കടുവയെത്തിയത്. എന്നാല്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കൊണ്ടു കടുവ സ്വമേധയാ കര്‍ണാടക വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്നായിരുന്നു വനം വകുപ്പിന്റെ പ്രതീക്ഷ. എന്നാല്‍ കടുവ ഒന്നാം ബ്‌ളോക്കിലെത്തുകയായിരുന്നു. പിന്നീട് അഞ്ചാം ബ്‌ളോക്കില്‍ കടുവയെത്തിയെന്നു പറയുന്നുണ്ടെങ്കിലും ആരും ഇതുവരെ കണ്ടിട്ടില്ല.
കടുവാഭീതിയില്‍ ഭയചകിതരായി നില്‍ക്കുന്ന മലയോര ജനതയെ വിറപ്പിക്കാന്‍ പിന്നാലെ വീണ്ടും കാട്ടാനയുമെത്തി. ഇരിട്ടി നഗരസഭയ്ക്കടുത്തെ അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തുംകടവില്‍ കലിപൂണ്ട കാട്ടാന ഓട്ടോറിക്ഷ തച്ചുതകര്‍ത്തു. കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. കാട്ടാന വ്യാപകമായി കൃഷിനാശവും വരുത്തി.
തിങ്കളാഴ്ച രാത്രിയോടെയാണ് കാട്ടാന ബാബുവിന്റെ ഓട്ടോറിക്ഷ തകര്‍ത്തത്. പാലത്തുംകടവ് കരിമല റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ കാട്ടാന കുത്തിമറിച്ചിട്ട് തകര്‍ക്കുകയായിരുന്നു. ഈ മേഖലയില്‍ വ്യാപകമായി വാഴ, തെങ്ങ്, കുരുമുളക് ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളും നശിപ്പിച്ചു. വീടുകളിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ക്കും കാട്ടാന നാശം വരുത്തി
ജയ്സണ്‍ പുരയിടം, സജി കല്ലുമ്മേപുറത്ത്, ജോളി വാവച്ചന്‍, കൊരക്കാല ബിജു എന്നിവരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ബാബുവിന്റെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു തകര്‍ക്കപ്പെട്ട ഓട്ടോറിക്ഷ . വനാതിര്‍ത്തിയിലെ സോളാര്‍ ഫെന്‍സിംഗ് പൂര്‍ത്തിയാക്കാത്തതും, പൂര്‍ത്തിയായവ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
കുറ്റിക്കാടുകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള ആറളം ഫാം പദ്ധതി പ്രദേശത്ത് കടുവയെ കൂടാതെ കാട്ടാനയുമുണ്ട്. ഇതുകാരണം നേരിട്ടുള്ള തെരച്ചില്‍ നടക്കില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കടുവയെ തെരയുന്നതിനാല്‍ അത്യാധൂനിക ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡ്രോണ്‍ ക്യാമറയാണ് ആറളം മേഖലയില്‍ തമ്പടിച്ച കടുവയെ കണ്ടെത്താനായി കൊണ്ടുവരുന്നത്.