കണ്ണൂര്‍: കണ്ണൂരില്‍ ഉളിക്കലില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉളിക്കല്‍ ടൗണിലെ മാര്‍ക്കറ്റിനടുത്താണ് ജോസിന്റെ മൃതദേഹം കണ്ടത്. ഇന്നലെ രാവിലെ ടൗണില്‍ നിന്ന് ആനയെ ഓടിച്ചപ്പോള്‍ ജോസ് സ്ഥലത്തുണ്ടായിരുന്നു. കാട്ടാനയെ ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക വനത്തിലേക്ക് തുരത്തിയത്.
ആനയെ കാടുകയറ്റിയ ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉളിക്കലിനെ ഞെട്ടിച്ച മരണ വാര്‍ത്തയെത്തുന്നത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു ജോസിന്റെ മൃതദേഹം. ശരീരത്തില്‍ ആനയുടെ ചവിട്ടേറ്റ പാടുകളുണ്ടായിരുന്നു. ആനയുടെ ആക്രമണത്തിലാണ് മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നത്. നെല്ലിക്കാംപൊയിലിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ജോസ് ഇറങ്ങിയത്. പള്ളിയുടെ പറമ്പിലുള്ള ആനയെ പടക്കം പൊട്ടിച്ചു തുരത്തുന്നതിന് മുന്നോടിയായി വനം വകുപ്പ് സ്ഥലത്തുള്ളവരെ മാറ്റിയിരുന്നു.










