പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. കണ്ണൂർ സർവകലാശാല വി.സി നിമയനം; മുഖ്യമന്ത്രിയുടെ മൂന്ന് കത്തുകൾ പുറത്തുവിട്ടു

തിരുവനന്തപുരം : കണ്ണൂർ സർവകലാശാല വി.സി നിമയനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന കത്തിടപാടുകളുടെ വിവരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. ചാൻസിലർ പദവി ഒഴിയാമെന്ന് ​ഗവർണർ വ്യക്തമാക്കുന്ന കത്തും പുറത്തുവിട്ടു. മുഖ്യമന്ത്രി പിണറായി തന്റെ ജില്ലയാണെന്ന കാര്യം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വി.സിയുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ തന്നിൽ സമ്മർദ്ദമുണ്ടായെന്നുമാണ് ​ഗവർണറുടെ ആരോപണം.

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തില്‍ ഇടപെടുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷെന്ന് ഗവര്‍ണര്‍. വേദിയില്‍ നിന്നും ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും തനിക്കെതിരെ നടന്നത് സ്വഭാവിക പ്രതിഷേധമല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധ ഗൂഢാലോചനയില്‍ കെ കെ രാഗേഷിന് പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം പാരിതോഷികമാണോയെന്നും ഗവര്‍ണറുടെ പരിഹാസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ രാജ്ഭവനിലെത്തി തന്നോട് സംസാരിച്ചു. ചാൻസിലർ ആയി തുടരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്നും അവർ അറിയിച്ചിരുന്നു. തുടർന്ന് ജനുവരിയിൽ മുഖ്യമന്ത്രി തനിക്ക് വീണ്ടും സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുന്ന നീക്കങ്ങൾ ഉണ്ടാകില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. സർക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലോ ഉണ്ടാകില്ലെന്നും കത്തിൽ മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി. പക്ഷേ വീണ്ടും സർക്കാർ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും ​ഗവർണർ ആരോപിക്കുന്നു.

ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് ആക്രമണമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ടു. വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്വമേധയാ കേസെടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല. കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ അന്ന് തടഞ്ഞത് ഇന്ന് സര്‍ക്കാറിലുള്ള ഉന്നതനെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ വായിച്ചുകേള്‍പ്പിച്ചായിരുന്നു ഗവര്‍ണറുടെ വിശദീകരണം. നേരത്തെ ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

Top