കാത്തിരുന്നു കിട്ടിയ കണ്‍മണിയെ കാണാന്‍ രണ്‍ജീത് സിങ്ങിന് ഭാഗ്യമുണ്ടായില്ല; സംസ്‌കാരത്തിന് ചോരക്കുഞ്ഞുമായി വിതുമ്പി ഭാര്യ

ജമ്മു കശ്മീര്‍: നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഭീകരര്‍ നുഴഞ്ഞു കയറിയതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ്നായിക് രണ്‍ജീത് സിങ്ങിന്റെ ശവസംസ്‌കാരം കണ്ടുനിന്നവരുടെ കണ്ണിനെ ഈറനണിയിച്ചു. ചോരമണം മാറാത്ത കുഞ്ഞിനെയും കയ്യിലേന്തി സ്വന്തം ഭര്‍ത്താവിന്റെ ചിത കത്തിയെരിയുന്നത് ഭാര്യ ഷിമു ദേവി വിതുമ്പിക്കരഞ്ഞ് കണ്ടു.ശവസംസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഭാര്യ ഷിമുദേവി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന ആ കുഞ്ഞിനെ കാണാന്‍ വിധി പക്ഷേ രണ്‍ജീത് സിങ്ങിനെ അനുവദിച്ചില്ല.
2003ല്‍ സൈന്യത്തില്‍ ചേര്‍ന്ന രണ്‍ജീത് സിങ് ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് അവധിയില്‍ പ്രവേശിക്കാനിരിക്കെയാണ് രജൗറിയിലെ സുന്ദര്‍ബനി സെക്ടറില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാക് നുഴഞ്ഞുകയറ്റക്കാരുമായി ഏറ്റമുട്ടലുണ്ടായത്. രണ്‍ജീത് സിങ്ങ് ഉള്‍പ്പടെ മൂന്ന് സൈനികരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച്ച തന്നെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും ആചാരപരമായ ചില തടസ്സങ്ങള്‍ നേരിട്ടതോടെ ചൊവ്വാഴ്ച്ച രാവിലെ വരെ നീണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഷിമു ദേവിക്ക് പ്രസവവേദന അനുഭവപ്പെട്ടതും രാത്രി വൈകി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പുലര്‍ച്ചെ അഞ്ച് മണിയോടെ ഷിമുദേവി പ്രസവിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top