
കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ കേരളത്തെയും മലയാളികളെയും അപമാനിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോ സ്വാമിക്കെതിരെ വന്‍ പ്രതിഷേധം. റിപ്പബ്‌ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറാണ് അര്‍ണാബ്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.
മോനേ ഗോസ്വാമി നീ തീര്‍ന്നു എന്നായിരുന്നു ഇതിനെതിരെ നടന്‍ അജുവിന്റെ പ്രതികരണം. ഫേസ്ബുക്ക് വഴിയായിരുന്നു അജുവിന്റെ പ്രതികരണം. അര്‍ണാബ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്‌ളിക്ക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല നടക്കുകയാണ്.
കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ചെന്ന് പറയുന്ന 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും നാണം കെട്ട ജനത എന്ന് കേരളീയരെ അര്‍ണാബ് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതില്‍ പ്രതിഷേധിച്ച് മലയാളികള്‍ റിപ്പബ്‌ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജില്‍ വരുന്ന പോസ്റ്റുകള്‍ക്ക് താഴെ കമന്റുകള്‍ ഇടുകയാണ്. അര്‍ണാബിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിന് വേണ്ടെന്നും ഇയാളോടൊക്കെ ഒ.എം.കെ.വി പറയുകയാണെന്നും കമന്റുകളിലുണ്ട്.