ഹൈദരാബാദ്: സെക്കന്തരാബാദിലെ രാംനഗറില്‍ തൊടുപുഴ കരിമണ്ണൂര്‍ പന്നൂര്‍ പറയന്നിലത്ത് അരുണ്‍ പി. ജോര്‍ജി(37)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മാവേലിക്കര സ്വദേശിയായ എഎസ്‌ഐ ലാലു സെബാസ്റ്റ്യന്‍ (40) ആണ് അറസ്റ്റിലായത്. സെക്കന്ദരാബാദില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ എഎസ്‌ഐയായ ലാലുവും അരുണും പത്തു വര്‍ഷത്തിലേറെയായി സുഹൃത്തുക്കളായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ലാലുവിന്റെ സഹോദരിയുടെ വിവാഹിതയായ മകളുമായി അരുണിനുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാംനഗര്‍ ഹിമത്യാനഗറിലെ ജെഎക്‌സ് ഫ് ളക്‌സി പ്രിന്റിങ് പ്രസിന്റെ മാനേജരായിരുന്നു അരുണ്‍.ലാലുവിന്റെ സഹോദരിയുടെ മകള്‍ ഒരു വര്‍ഷമായി ഇതേ പ്രസില്‍ ജോലി ചെയ്യുകയാണ്. വിവാഹിതയായ യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ ലാലു പലതവണ അരുണിനെ താക്കീതു ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു
വെള്ളിയാഴ്ച രാത്രി അരുണിന്റെ താമസ സ്ഥലത്തെത്തിയ ലാലു ഇതേ കാര്യത്തെപ്പറ്റി വീണ്ടും സംസാരിച്ചു. അരുണ്‍ എതിര്‍ത്തതോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു ലാലുവിന്റെ മൊഴി.ജോലി സ്ഥലത്തോടു ചേര്‍ന്നുള്ള വാടക വീട്ടിലെ ശുചിമുറിയില്‍ ശനിയാഴ്ച രാത്രിയാണ് അരുണിനെ കഴുത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയെ പിടികൂടുന്നതിന് സിസിടിവി ദൃശ്യം പ്രധാന തെളിവായി.
അരുണിനെ കൊലപ്പെടുത്തിയവരെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈദരാബാദിലെ കോണ്‍ഫെഡറേഷന്‍ ഓഫ് തെലുഗു റീജന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലിബിന്‍ ബെഞ്ചമിന്‍ തെലങ്കാന ആഭ്യന്തര മന്ത്രി നൈനി നരസിംഹ റെഡ്ഡിക്കു നിവേദനം നല്‍കിയിരുന്നു.