കൊച്ചി: ദുരന്തമുഖത്ത് നില്‍ക്കുന്ന കേരളത്തിന് സഹായവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയാണ് കേജ്രിവാള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടാണ് സഹായം അറിയിച്ചത്. ആന്ധ്ര തെലങ്കാന സംസ്ഥാനങ്ങള്‍ പാക്കേജ്ഡ് ഫുഡും വാഗ്ദാനം ചെയ്തിട്ടുണ്ട്.
റെയില്‍വേ 1,20,000 കുപ്പി വെള്ളം വിതരണം ചെയ്തു. 1,20,000 കുപ്പി വെള്ളം കൂടി വിതരണം ചെയ്യും. നാളെ കായംകുളത്ത് സ്‌പെഷല്‍ ട്രെയിനില്‍ 2.9 ലക്ഷം ലീറ്റര്‍ വെള്ളമെത്തിക്കും. ടെലഫോണ്‍ കണക്ടിവിറ്റിയില്ലാത്ത സ്ഥലങ്ങളില്‍ വി – സാറ്റ് കമ്യൂണിക്കേഷന്റെ സാധ്യത ഉപയോഗിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. മരുന്നുകള്‍ സംഭരിക്കാന്‍ വിവിധ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കി.
കേന്ദ്രം 339 യന്ത്രവല്‍കൃത ബോട്ടുകളും 2,800 ലൈഫ് ജാക്കറ്റും 1,400 ലൈഫ് ബോയും 27 ലൈറ്റ് ടവറുകളും 1,000 റെയിന്‍ കോട്ടുകളും വിതരണം ചെയ്തു. ഇനി 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്കളും 13 ലൈറ്റ് ടവറും 1,000 റെയിന്‍കോട്ടുകളും കൂടി വിതരണം ചെയ്യും.
ദുരിതാശ്വാസ ക്യാംപുകളില്‍ ഒരു ലക്ഷം ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു. ഇനിയും ഒരു ലക്ഷം പാക്കറ്റുകളും പാല്‍ പൗഡറും കൂടി വിതരണം ചെയ്യും. നാവികസേന 51 ബോട്ടുകളും ഡൈവിങ് വിദഗ്ധരെയും വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 1,000 ലൈഫ് ജാക്കറ്റുകളും 1,300 കാലുറകളും എത്തിച്ചു. 1,600 ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തു.
കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ സൈനികര്‍ക്കൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റും 144 ലൈഫ് ബോയും എത്തിച്ചു. വ്യോമസേനയുടെ 23 ഹെലികോപ്റ്ററും 11 ചരക്കു വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കരസേന 10 കോളം സൈനികരെയും (ഒരു കോളത്തില്‍ 30 പേര്‍), 10 കോളം എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സും 60 ബോട്ടുകളും 100 ലൈഫ് ജാക്കറ്റും എത്തിച്ചു. ദേശീയ ദുരന്ത നിവാരണസേനയുടെ 43 ടീമും 163 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. സിആര്‍പിഎഫും ബിഎസ്എഫും അടക്കമുള്ള സേനകളില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.