ആര്യ മുസ്ലീമാണ്; നടന്റെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദെന്ന് ബിജെപി; മത്സരാര്‍ത്ഥികളോട് വരലക്ഷ്മി ചോദിച്ച ചോദ്യം വിനയായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നലത് മതിയാവില്ല തമിഴര്‍ ബിജെപിയെ സ്വീകരിക്കാന്‍. കാരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വികാരം തമിഴര്‍ക്കിടയിലുണ്ട്. ഈ എതിര്‍വികാരത്തില്‍ എണ്ണയൊഴിക്കുകയാണ് പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. നടന്‍ ആര്യയുടെ വിവാഹത്തിനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ, വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കലക്ക പോവത് യാര് എന്നിവയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്. നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടതാണ്. വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ ബിജെപി ഉന്നയിക്കുന്ന ആരോപണം ഗുരുതരമാണ്. ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. തമിഴിലെ പ്രമുഖ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡിന് എതിരെയാണ് ലൗ ജിഹാദ് ആരോപണവുമായി തമിഴ്‌നാട്ടിലെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്. ജന്മം കൊണ്ട് മലയാളിയായ ആര്യ കാസര്‍കോട്ടെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ്. യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. ഈ പശ്ചാത്തലത്തില്‍ വരലക്ഷ്മി മത്സരാര്‍ത്ഥികളില്‍ ചിലരോട് ചോദിച്ച ചോദ്യമാണ് ബിജെപി ലൗ ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. വരലക്ഷ്മി ചോദിച്ചത്, വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്നാണ്. മത്സരാര്‍ത്ഥികളായ ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അല്ലെന്ന തരത്തിലും പ്രതികരിച്ചു. ഈ എപ്പിസോഡിന് എതിരെയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ഈ റിയാലിറ്റി ഷോ ലൗ ജിഹാദാണ് എന്ന് ആരോപിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് കൊണ്ടാണ് രാജയുടെ ട്വീറ്റ്. മതത്തെക്കുറിച്ച് തങ്ങള്‍ ചോദിച്ചാല്‍ വര്‍ഗിയത, ഇത് നാണക്കേടാണ് എന്നാണ് എച്ച് രാജ ട്വീററ് ചെയ്തിരിക്കുന്നത്.

Top