ദില്ലി: സ്ത്രീപീഡന കുറ്റത്തിന് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന് 2300 കോടിയുടെ അനധികൃത സ്വത്ത് ഉള്ളതായി വെളിപ്പെടുത്തല്‍. ആദായനികുതി വകുപ്പാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 2008-2009 സാമ്പത്തിക വര്‍ഷത്തിനു ശേഷമാണ് 2300 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ ആശാറാം സമ്പാദിച്ചത്.
കള്ളസ്വത്ത് വെളിപ്പെട്ട സാഹചര്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ആശാറാം ബാപു നടത്തുന്ന ട്രസ്റ്റുകള്‍ക്കുള്ള നികുതി ഇളവുകള്‍ റദ്ദുചെയ്യാന്‍ ആദായനികുതി വകുപ്പ് നിര്‍ദേശിച്ചു. റിയല്‍എസ്റ്റേറ്റ്, മ്യൂച്ചല്‍ ഫണ്ട്, ഓഹരികള്‍, കിസാന്‍ വികാസ് പത്ര, സ്ഥിര നിക്ഷേപം എന്നീ രൂപങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ ബിനാമി നിക്ഷേപവും അസാറാമന്റെയും അനുയായികളുടേതുമായി ഐടി വകുപ്പ് കണ്ടെത്തി.
കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഴു സ്വകാര്യകമ്പനികള്‍ വഴിയാണ് ഈ നിക്ഷേപമെല്ലാം നടത്തിയത്. ആശാറാം ഏറ്റെടുത്ത ഈ ഏഴു കമ്പനികളും അദ്ദേഹത്തിന്റെ അനുയായികളാണ് നടത്തിവന്നത്.
വന്‍കിട കെട്ടിടനിര്‍മാതാക്കള്‍ക്കും മറ്റുമായി വായ്പാ പദ്ധതിയും അസാറാമിനുണ്ടായിരുന്നു. 12 ശതമാനം മാസപ്പലിശയ്ക്കാണ് ഇയാള്‍ പണം കടംകൊടുത്തത്. 1991-92 കാലയളവ് മുതല്‍ 3800 കോടി രൂപയെങ്കിലും ഏതാണ്ട് 1400 ആളുകള്‍ക്കായി അസാറാം ബാപുവും അനുയായികളും വിതരണം ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആദായനികുതി വകുപ്പിന്റെ വിലയിരുത്തല്‍ വകുപ്പിലേക്ക് അയച്ചു. ആശാറാമിന്റെ നികുതി ബാധ്യത എത്രയെന്ന് ഇവര്‍ തീരുമാനിക്കും.
ജോധ്പുരിലെ ആശ്രമത്തില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ജയിലില്‍ കഴിയുകയാണ് ആശാറാം. ആദായനികുതി വകുപ്പിന്റേതായി പുറത്തുവന്ന കണ്ടെത്തലുകള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആശാറാം ആശ്രമത്തിന്റെ വക്താവ് നീലം ദൂബെ പറഞ്ഞു. ഹിന്ദു മതത്തിനെതിരായ ആക്രമണമാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.