തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസിൽ മന്ത്രിമാരായ ഇ.പി. ജയരാജനും കെ.ടി. ജലീലും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. നവംബർ പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ആറ് പ്രതികളും കോടതിയിൽ വിടുതൽ ഹർജി നൽകി.നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതികളായ മന്ത്രിമാർ ഇന്ന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
35,000രൂപ വീതം കെട്ടിവച്ചാണ് ജാമ്യമെടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ജയകൃഷ്ണനാണ് കേസ് പരിഗണിച്ചത്. മന്ത്രിമാർ നേരിട്ട് ഹാജരാകണമെന്ന സിജെഎം കോടതിയുടെ നിർദേശം സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
ഇതേ തുടർന്നാണ് ഇരുവരും കോടതിയിൽ നേരിട്ട് എത്തിയത്.പ്രതികൾക്ക് വിടുതൽ ഹർജി സമർപ്പിക്കാൻ സമയം വേണമെന്ന് ആവശ്യം അറിയിച്ചതിനെത്തുടർന്ന് കോടതി കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ചു. കേസിന്റെ തുടർനടപടികൾ അടുത്ത മാസം 12ന് കോടതി വീണ്ടും പരിഗണിക്കും. മന്ത്രിമാർ കേസ് പരിഗണിച്ചപ്പോൾ എത്താതിരുന്നത് കാരണം കോടതി നടപടികൾ ഒരു മണിക്കൂർ നിർത്തിവെച്ചിരുന്നു.
മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും ഉൾപ്പെടെ ആറു പേരാണ് പ്രതികൾ. മറ്റു പ്രതികളായ മുൻ എംഎൽഎമാർ കെ.അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർ 35,000 രൂപ വീതം കെട്ടിവെച്ച് നേരത്തെ ജാമ്യം നേടിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
സ്‌പീക്കറുടെ കസേര, എമർജൻസി ലാംപ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചതു കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രിമാർ ഉൾപ്പെടെ പ്രതികളായുള്ള കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി നേരത്തെ തള്ളിയിരുന്നു. സർക്കാർ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ പിൻവലിക്കൽ സത്യവാങ്മൂലമാണ് കോടതി നിരാകരിച്ചത്.
ഇതിനിടെ കേസ് പിൻവലിക്കുന്നതിനെ അനുകൂലിക്കാത്ത വനിതാ പ്രോസിക്യൂട്ടറെ സർക്കാർ മാറ്റിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീനയെയാണ് മാറ്റിയത്. കൈയാങ്കളി കേസ് പിൻവലിക്കാനുളള അപേക്ഷയെ പ്രോസിക്യൂട്ടർ അനുകൂലിച്ചില്ലെന്ന ഇടതു നേതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെതിരെ വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറെ മാറ്റാൻ തീരുമാനിച്ചത്.