ജയിലില്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയം; മെലിഞ്ഞുണങ്ങി ഭ്രാന്തമായ രൂപഭാവങ്ങളും കാട്ടുന്നു; സഹായിക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെടുന്നു

ദുബായ്: റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ വന്ന പാളിച്ചകള്‍ മൂലം ജയിലഴിക്കുള്ളിലായ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍. സഹായിക്കാനാരുമില്ലാതെ ജയിലഴിക്കുള്ളില്‍ നരകിച്ചു കഴിയുകയാണ് മലയാളികള്‍ക്ക് ഏറെ പരിചിതനായ വ്യവസായി. സര്‍വ്വതും നശിച്ച് മാനസികരോഗികളുടേയതിന് തുല്യമായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാനാകുക എന്നാണ് വിവരം. ഭക്ഷണം ശരിക്ക് കഴിക്കാത്തതിനാല്‍ മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. വിരലിലെണ്ണാവുന്ന അടുത്ത സുഹൃത്തുക്കളൊഴിച്ച് ആപത്തുകാലത്ത് തിരിഞ്ഞുനോക്കാന്‍ ആരുമില്ലെന്നതും അറ്റ്ലസ് ഗ്രൂപ്പ് തലവനെ തളര്‍ത്തുകയാണ്.

കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും മൂലം രാമചന്ദ്രന്‍ നന്നേ ക്ഷീണിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളില്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇത് ആര്‍ത്തിയോടെ രാമചന്ദ്രന്‍ ഭക്ഷിക്കുമെന്നാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ശത്രുവിന് പോലും ഈ അവസ്ഥ വരരുതെന്നാണ് ഇത് കണ്ട് നില്‍ക്കുന്ന മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്. അത്ര ദയനീയമാണ് സ്ഥിതി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമചന്ദ്രന്‍ നടത്തിയ ഭൂമിയിടപാടുകളില്‍ താല്‍പ്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ് പ്രമുഖനുമായി കൊമ്പുകോര്‍ത്തതാണ് വിനയായത്. ഗള്‍ഫിലെ രാജകൊട്ടാരങ്ങളില്‍ പോലും സ്വാധീനമുള്ള ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ രാമചന്ദ്രന്റെ തകര്‍ച്ച ആസന്നമാണെന്ന പ്രചാരണം നടത്തി. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ മകള്‍ ഡോ. മഞ്ജുവിനെയും മരുമകനെയും മറ്റു കുറ്റങ്ങള്‍ചുമത്തി തടവിലാക്കി. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ഭീതിയിലാണ് ഭാര്യ. മസ്‌കറ്റിലും മറ്റുള്ള ആശുപത്രികള്‍ കിട്ടുന്ന വിലയ്ക്കു വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്തു ജയിലിനു പുറത്തിറങ്ങാന്‍ രാമചന്ദ്രന്‍ നടത്തിയ നീക്കവും ഇടഞ്ഞുനില്‍ക്കുന്ന ഉന്നതന്റെ കരുനീക്കത്തില്‍ തകര്‍ന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കവിയും അക്ഷരശ്ലോക വിദ്വാനുമായ വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂലൈ 31 ന് ജനിച്ച രാമചന്ദ്രന്‍ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഗള്‍ഫിലേക്കു എത്തുന്നത്. പിന്നീട് ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ വരവായി. ഇതോടെ അറ്റ്ലസ് രാമചന്ദ്രന്‍ വിശ്വസ്തതയുടെ പര്യായമായി മാറി. അറ്റ്‌ലസ് ജൂവല്ലറി 1980 – ന്റെ തുടക്കത്തില്‍ കുവൈത്തിലായിരുന്നു ആരംഭം.

യു.എ.ഇ. യിലെ ഷാര്‍ജ, അബുദാബി, റാസല്‍ഖൈമ, അല്‍ – ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്‍ക്ക് പുറമെ സൗദി അറേബ്യയിലും കുവൈത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാല്‍പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. അങ്ങനെ രാമചന്ദ്രന്‍ താരമായി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റം. 1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച ‘വൈശാലി’ എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെയും നിര്‍മ്മാതാവായിരുന്നു. അഭിനയി്കാനും എത്തി.

ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി. ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഇത് ചിലര്‍ മുതലെടുക്കാനെത്തി. ചെക്ക് കേസില്‍ അറസ്റ്റിലാവുകയും ചെയ്തു. രാമചന്ദ്രന്‍ ചെക്ക് കേസില്‍ ദുബായ് ജയിലിലുമായി. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു.

രാമചന്ദ്രന്‍ ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ടി അവസ്ഥയും ഭാര്യയ്ക്കുണ്ടായി.

Top