അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണ്ണ കച്ചവടത്തില്‍ സജീവമാകാനൊരുങ്ങുന്നു; വായ്പാ ഇടപാടുകള്‍ തീര്‍ക്കുന്നത് സംബന്ധിച്ച് ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി; കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാന്‍ നീക്കം

ദുബൈ: ചില ബാങ്കുകളുമായുള്ള വായ്പാ ഇടപാടുകള്‍ തീര്‍ക്കാനും സമാന്തരമായി ദുബായില്‍ ഒരു ഷോറൂം തുറന്നുകൊണ്ട് വ്യാപാരരംഗത്തേക്ക് സജീവമാകാനും ഒരുങ്ങി അറ്റ്‌ലസ് രാമചന്ദ്രന്‍. വീണ്ടും പഴയതു പോലെ അറ്റ്‌ലസ് ഗ്രൂപ്പ് മാറുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന.

വായ്പാ ഇടപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രന്‍ കഴിഞ്ഞദിവസം വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഈമാസം 31നുമുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമികവിവരം സമര്‍പ്പിക്കുമെന്നാണ് ചര്‍ച്ചയിലെ ധാരണ. ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന അറ്റ്‌ലസ് ജ്വല്ലറികളുടെയും അനുബന്ധകമ്പനികളുടെയും വിവരങ്ങളും ഈ ചര്‍ച്ചകളില്‍ വിഷയമായി. കടം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയാണ് ചര്‍ച്ചകളില്‍ ബാങ്കുകള്‍ എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”പണമിടപാടുസംബന്ധിച്ച് ഇപ്പോള്‍ ക്രിമിനല്‍ക്കേസുകളൊന്നും നിലവിലില്ല. എന്നാല്‍, ബാങ്കുകളുടെ കുടിശ്ശികയുണ്ട്. ചര്‍ച്ചകളിലൂടെ അവശേഷിക്കുന്നതുകൊടുത്തുതീര്‍ക്കുകതന്നെ ചെയ്യും. അല്ലാതെ ഇവിടെനിന്ന് വിട്ടുപോകാനുള്ള ഉദ്ദേശ്യമില്ല. 1991ല്‍ എട്ടുകിലോ സ്വര്‍ണവുമായി തുടങ്ങിയ ജ്വല്ലറി ബിസിനസ്സ് 2014ല്‍ നാല്‍പ്പതുഷോറൂമുകളായി വളര്‍ന്നിരുന്നു. ആ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്”, അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.

രാമചന്ദ്രനുമായി ചേര്‍ന്ന് അറ്റ്‌ലസ് എന്ന ബ്രാന്‍ഡില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇ.യില്‍നിന്നും ഒട്ടേറെപേര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ അദ്ദേഹം. അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ മലയാളികളും തയ്യാറാണ്. ഇതിനായുള്ള ക്യാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകള്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മസ്‌കറ്റിലെ ഷോറൂമും തുടരും. ഇന്ത്യയില്‍ അറ്റ്‌ലസ് ജൂവലറി എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ബംഗളൂരുവിലെ ഷോറൂമില്‍ നല്ല വില്‍പ്പനയുണ്ട്. മഹാരാഷ്ട്രയിലെ താനെയിലും ഷോറൂമുണ്ട്. അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോള്‍ 154 രൂപ വരെയായി മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ അഞ്ചുകോടി ഓഹരികള്‍ രാമചന്ദ്രന്റെ പേരിലുണ്ട്. ഇന്നത്തെ വിപണിവിലയനുസരിച്ച് ഇതിന് 750 കോടി രൂപയോളം വരും.

അയ്യായിരത്തോളം ഓഹരി ഉടമകളുടെ സമ്മതപ്രകാരം ഈ കമ്പനിക്ക് യു.എ.ഇ.യില്‍ ഒരു അനുബന്ധകമ്പനി തുടങ്ങാന്‍ പ്രയാസമില്ല. ഇതിലേക്ക് കൂടുതല്‍ ഫണ്ടുകള്‍ സമാഹരിച്ച് ദുബായില്‍ വീണ്ടും ഒരു തുടക്കം എന്നതാണ് പ്രധാനപദ്ധതിയായി അറ്റ്‌ലസ് രാമചന്ദ്രന്‍ മനസ്സിലുള്ളത്.

2015 നവംബര്‍ 12നായിരുന്നു അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം. രാമചന്ദ്രനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ രാമചന്ദ്രനെ ദുബായ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. പത്തില്‍പ്പരം ബാങ്കുകളില്‍നിന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് വായ്പയെടുത്തത്. ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുണ്ടായിരുന്നത്. പ്രശ്‌ന പരിഹാരത്തിന് അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

Top