തിരുവനന്തപുരം: 50ഓളം പേരുടെ ലക്ഷക്കണക്കിന് രൂപയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. രാജ്യാന്ത ബന്ധം മാത്രമല്ല വിദേശികളുടെ തലയും ഈ ഹൈടെക് തട്ടിപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെ, എടിഎം തട്ടിപ്പിലെ അന്വേഷണത്തിന് ഇന്റര്‍പോളിന്റെ സഹായം തേടിയെന്ന് ഐജി മനോജ് എബ്രഹാം അറിയിച്ചു.
അന്വേഷണത്തില്‍ രാജ്യാന്തര ഏജന്‍സികളെയും സഹകരിപ്പിക്കും. എടിഎം തട്ടിപ്പ് അന്വേഷണത്തിന് െഎജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സൈബര്‍ വിദഗ്ധരടങ്ങിയ അന്വേഷണസംഘം മുംബൈയിലേക്കു തിരിച്ചു. വേണ്ടി വന്നാല്‍ കേന്ദ്രസഹായം ആവശ്യപ്പെടും. അതേസമയം, തട്ടിപ്പില്‍ മൂന്നു വിദേശികള്‍ക്കും പങ്കുണ്ടെന്നാണു സൂചന. സംഭവത്തില്‍ ഡിജിപി ഇന്ന് ആഭ്യന്തരസെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കും.
അതിനിടെ, മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരവും പുറത്തുവന്നു. ജൂണ്‍ 30, ജൂലൈ 3,9 തീയതികളില്‍ എടിഎം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായിരിക്കുന്നത്. തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ എത്രയും പെട്ടെന്ന് പിന്‍ നമ്പര്‍ മാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചു. എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനും നിര്‍ദേശമുണ്ട്.
തലസ്ഥാനത്തെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുപരമ്പര നടന്നത്. എടിഎമ്മുകളില്‍ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന സ്‌കിമ്മറും രഹസ്യ ക്യാമറയും സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. ഒറ്റ ദിവസംകൊണ്ടു മാത്രം 16 ഇടപാടുകാരില്‍ നിന്നു തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപയാണ്. വെള്ളയമ്പലം ആല്‍ത്തറയില്‍ എസ്ബിഐ ശാഖയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണു തട്ടിപ്പ് കണ്ടെത്തിയത്.