സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം.പെട്രോളിംഗിനിടെ പുലർച്ചെ മൂന്നുമണിയോടെയാണ് അക്രമണ സംഭവം അരങ്ങേറിയത്.
നെയ്യാർഡാം പൊലിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഞ്ചാവ് മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.
നെല്ലിക്കൽ കോളനിയിൽ കഞ്ചാവ് മാഫിയ ആക്രമണം നടത്തിയ വിവരം അറിഞ്ഞ് എത്തിയതായിരുന്നു പൊലീസ്. പൊലീസ് എത്തിയതോടെ പൊലീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയത്.
അക്രമണത്തിൽ ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.പ്രതികൾക്കായി നെടുമങ്ങാട്, കാട്ടാക്കട ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
കഞ്ചാവ് മാഫിയയ്‌ക്കെതിരെ നെല്ലിക്കൽ കോളനിയിലെ ഒരാൾ മൊഴി കൊടുത്തതാണ് പ്രകോപനത്തിന് കാരണം.അക്രമികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ആളുകൾ വീടുകളിൽ നിന്നിറങ്ങി ഓടിയെന്നും കോളനി നിവാസികൾ പറഞ്ഞു.