പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍: അയ്യപ്പജ്യോതിയെ പിന്തുണച്ചതിന് സര്‍ക്കാരിന്റെ പകവീട്ടല്‍

ശബരിമല: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത പോലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി. അയ്യപ്പ ജ്യോതിയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. പമ്പ, കോന്നി പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
പമ്പ സ്റ്റേഷനിലെ റെജിന്‍, കോന്നി സ്റ്റേഷനിലെ രാഹുല്‍ ജി നാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അയ്യപ്പ ജ്യോതി തെളിയിക്കുന്ന ചിത്രം റെജിന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതിനാണ് രാഹുല്‍ ജി നാഥിന് സസ്പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്. രണ്ട് പോലീസുകാരും അച്ചടക്ക ലംഘനം നടത്തി എന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കിയത്.
അയ്യപ്പജ്യോതിക്കെതിരെ പോസ്റ്റിട്ടുവെന്ന് മാത്രമല്ല, സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തതിന്റെ അമര്‍ഷവും സസ്‌പെന്‍ഷനിലൂടെ തീര്‍ത്തുവെന്നാണ് ആരോപണം.

Top