
തിരുവനന്തപുരം: ബൈക്കിലെത്തിയാള്‍ സ്‌ഫോടകവസ്തു ഓഫീസിലേക്കെറിഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. എന്നാല്‍, വീഡിയോയില്‍ ആളുടെ മുഖം വ്യക്തമല്ല. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്.
സ്ഥലത്ത് ഫെറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് കുന്നുകുഴിയിലെ ബിജെപി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്‍ ജീവനക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാടന്‍ ബോംബ് ആക്രമണമാണെന്നു ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ഏറുപടക്കമാണെന്നാണു പൊലീസിനു കിട്ടിയ ആദ്യ സൂചന.
ശബ്ദം കേട്ട് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാര്‍ പുറത്തിറങ്ങിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞു മ്യൂസിയം എസ്‌ഐ സുനിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.
ആക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഓഫിസ് ആക്രമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇടതുപക്ഷത്തിന്റെ അസഹിഷ്ണുതയാണ് പുറത്തുവരുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിവേണം. ഇവരെ ഉടന്‍ പിടികൂടണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ഓഫിസ് ആക്രമിച്ചതെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും ആരോപിച്ചു.
വിവരമറിഞ്ഞു ബിജെപി പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി. ആക്രമണം ഉണ്ടാകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പാണ് കുമ്മനം രാജശേഖരന്‍ ഓഫിസില്‍ നിന്നു പുറത്തു പോയത്. സ്ഥലത്തു വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.