കോട്ടയത്തെ ഓഡിറ്റോറിയം ഉടമയുടെ മകൻ റയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ: കാറിനുള്ളിൽ രക്തക്കറ; മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ പാരമ്പര്യവും പ്രൗഡിയും ഒത്തിണങ്ങിയിരുന്ന ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമയുടെ മകനെ ഏറ്റുമാനൂരിനു സമീപം റയിൽവേ ട്രാക്കിൽ മരിച്ചു നിലയിൽ കണ്ടെത്തി. കയ്യിൽ മുറിവേറ്റ നിലയിൽ റയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് എത്തിയ കാറിനുള്ളിൽ രക്തകറയും കണ്ടെത്തിയിരുന്നു. തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിന്റെ മകൻ ഗൗതം (28) മൃതദേഹമാണ്
ഇന്ന് രാവിലെ ആറു മണിയോടെ കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപം റെയിൽവേ
ട്രാക്കിൽ കണ്ടെത്തിയത്. ഗേറ്റിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഗൗതമിന്റെ കാറും കണ്ടെത്തി. കെ.എൽ 05 എ.പി 6465 മാരുതി ബ്രീസ് കാറാണ്
കണ്ടെത്തിയത്. ഗൗതമിന്റെ ഈ കാറിനുള്ളിൽ രക്തം തളംകെട്ടിക്കിടപ്പുണ്ട്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മകനെ കാണാനില്ലെന്ന് കാണിച്ച് ഗൗതമിന്റെ പിതാവ് വിജയകുമാർ ഇന്ന് പുലർച്ചെ
മൂന്നു മണിയോടെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി സി.ഐ നിർമ്മൽ
ബോസിന് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി തെരച്ചിൽ
നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി പത്തരയോടെ വീട്ടുകാരുമായി ഗൗതം
വഴക്കുണ്ടാക്കിയെന്നും തുടർന്ന് കാറിൽ പുറത്തുപോയി എന്നുമാണ്
പറയപ്പെടുന്നത്. അവിവാഹിതനാണ് ഗൗതം. മകൻ തിരിച്ചുവരുന്നതും കാത്ത്
ഏറെനേരം കാത്തിരുന്നെങ്കിലും രണ്ടുമണിയായിട്ടും എത്താതിരുന്നതിനെ
തുടർന്നാണ് പിതാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
കാറിൽ ഇരുന്നുകൊണ്ടുതന്നെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതായാണ് സൂചന.
കഴുത്തിൽ ‘ഹെസിറ്റേഷൻ വൂണ്ട് ‘ ഉണ്ട്. ഈ മുറിവിൽ നിന്നുള്ള രക്തമാണ്
കാറിൽ കാണപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ മുറിവ്
മാരകമല്ല. ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനാൽ ട്രെയിനിനു മുമ്പിൽ
ചാടിയതാകാമെന്നാണ് സംശയം.
ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ പുലർച്ചെതന്നെ സ്ഥലത്തെത്തി.
തെളിവുകളൊന്നും നഷ്ടമാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു. മൃതദേഹം
കിടന്നിരുന്ന ഭാഗത്തും കാർ കിടക്കുന്ന ഭാഗത്തും ആരും കടക്കാതിരിക്കാൻ
വേലിയും പൊലീസ് നിർമ്മിച്ച് വേർതിരിച്ചു. വെളുപ്പിന് പോയ ട്രെയിനുകളുടെ
വിവരങ്ങളും ലോക്കോ പൈലറ്റുമാരെയും കുറിച്ച് കോട്ടയം റെയിൽവേ പൊലീസ്
വിവരങ്ങൾ ശേഖരിച്ചു. വെളുപ്പിന് വന്ന ട്രെയിനുകളിലെ ലോക്കോ പൈലറ്റുമാർ
ട്രാക്കിൽ ആരെങ്കിലും നിൽക്കുന്നതായോ മറ്റോ കണ്ടിരുന്നോയെന്നാണ് പൊലീസ്
പ്രധാനമായും അന്വേഷിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ
മാത്രമേ കൂടുതലായി എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളുവെന്ന് ഡിവൈ.എസ്.പി
സഖറിയ മാത്യു പറഞ്ഞു. ഏറ്റുമാനൂർ സി.ഐ സി.ജെ.മാർട്ടിൻ, എസ്.ഐ
കെ.ആർ.പ്രകാശ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top