ദില്ലി: ഇന്ത്യയ്ക്ക് വേണ്ടി ഫ്രാന്‍സ് നിര്‍മ്മിക്കുന്ന മുങ്ങിക്കപ്പല്‍ സ്‌കോര്‍പ്പീന്റെ രഹസ്യവിവരങ്ങളെല്ലാം ചോര്‍ന്നു. രഹസ്യങ്ങള്‍ പാക്കിസ്ഥാനും ചൈനയും കൈവശപ്പെടുത്തിയെന്നാണ് സംശയം. 22,000 പേജ് വരുന്ന രഹസ്യങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
ഫ്രഞ്ച് കപ്പന്‍ നിര്‍മ്മാണ കമ്പനിയായ ഡിസിഎന്‍എസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് വാര്‍ത്ത. ഓസ്‌ട്രേലിയന്‍ മാദ്ധ്യമമാണ് ഇതു സംബന്ധിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. സംഭവത്തെക്കുറിച്ച് ഫ്രാന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതോടൊപ്പം തന്നെ ഇന്ത്യന്‍ നാവിക സേനയുടെ ഗതിനിര്‍ണയിക്കുന്ന ഗതിഅതീവ രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാനും ചൈനയും കൈവശപ്പെടുത്തിയോ എന്ന ആശങ്കയും ഉയരുന്നുണ്ട്. പല നിര്‍ണായകവിവരങ്ങളും കൈവളപ്പെടുത്താന്‍ ഇരു രാജ്യങ്ങളും പലപ്പോഴായ് ശ്രമിച്ചിരുന്നതായി മുമ്പ് സൂചനകള്‍ ലഭിച്ചിരുന്നു. സെന്‍സറുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ആശയവിനിമയവും ഗതി നിര്‍ണയവും സംബന്ധിച്ച വിവരങ്ങള്‍, ശത്രുവാഹനങ്ങളെ തകര്‍ക്കുന്നതിനുള്ള ടോര്‍പിഡോ സംവിധാനം എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ചോര്‍ന്നത്.
ആറ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. അന്തര്‍വാഹിനിയുടെ എല്ലാ വിവരങ്ങളും സംബന്ധിച്ചുള്ള രേഖകളും ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌കോര്‍പീന്‍ വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി ആദ്യം ഇന്ത്യയിലാണ് നിര്‍മ്മിച്ചത്. 2016-ല്‍ ഇതിന്റെ പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. നാവികസേനയിലേയ്ക്ക് സ്‌കോര്‍പീന്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് സുപ്രധാന വിവരങ്ങള്‍ ചോരുന്നത്.
എന്നാല്‍ ഇത്തരത്തില്‍ തങ്ങളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ചോരില്ലെന്നാണ് ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്റെ വാദം. ഇന്ത്യയില്‍ നിന്നു തന്നെയാവും വിവരങ്ങള്‍ ചോര്‍ന്നതെന്നും കമ്പനി അവകാശപ്പെടുന്നു. 12 അന്തര്‍വാഹനികള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ ഓസ്‌ട്രേലിയയില്‍ നിന്നും അടുത്തിടെ ഫ്രഞ്ച് കമ്പനിക്ക് ലഭിച്ചിരുന്നു.
3500 കോടി ഡോളറിന്റെ ഇടപാടാണ് ഡിസിഎന്‍എസുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്നത്. ഐഎന്‍എസ് കല്‍വാരി എന്ന അന്തര്‍വാഹിനിയുള്‍പ്പെടെ ആറു സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളാണ് കമ്പനി ഇന്ത്യന്‍ നാവികസേനക്ക് വേണ്ടി നിര്‍മ്മിക്കുന്നത്. മുംബൈ മസഗോണ്‍ കപ്പല്‍ത്തുറയില്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതായ ഐഎന്‍എസ് കാല്‍വരി ലോകത്തിലെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏറ്റവും അപകടകാരികളായ മുങ്ങിക്കപ്പലുകളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയാണ്.