പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എ.വി.ഗോപിനാഥ്. ചങ്കുറപ്പുള്ള നേതാവാണ് പിണറായി. അദ്ദേഹത്തിന്റെ ചെരിപ്പ് നക്കേണ്ടി വന്നാൽ അത് അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞു.കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നെന്ന് അറിയിച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയത് . കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടിവന്നാലും അഭിമാനമാണെന്നും ഗോപിനാഥ് പറഞ്ഞു.
ഗോപിനാഥിന് പിണറായിയുടെ എച്ചിലെടുക്കേണ്ടി വരുമെന്ന മുൻ എംഎൽഎ അനിൽ അക്കരയുടെ സമൂഹമാധ്യമ കുറിപ്പിനുള്ള പ്രതികരണമായിരുന്നു ഗോപിനാഥിന്റെ പ്രസ്താവന. അനിൽ അക്കരയെ കടുത്ത ഭാഷയിൽ വിമർശിച്ച ഗോപിനാഥ്, താൻ ആരുടെയും എച്ചിൽ നക്കാൻ പോയിട്ടില്ലെന്നും പക്ഷേ തന്റെ വീട്ടിൽ വന്ന് പലരും നക്കിയിട്ടുണ്ടെന്നും അതാരാണെന്ന് എല്ലാവർക്കും അറിയാമെന്നും തുറന്നടിച്ചു.
ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് എന്ത് കാര്യം. കേരളത്തിലെ ലക്ഷോപലക്ഷം ആളുകൾ അനുകൂലിച്ച് വീണ്ടും അധികാരത്തിലെത്തിച്ച ആളാണ് പിണറായിയെന്നും ഗോപിനാഥ് പറഞ്ഞു. പിണറായിയുടെ എച്ചിൽ നക്കേണ്ടി വരുമെന്ന അനിൽ അക്കരയുടെ അഭിപ്രായത്തെ ഞാൻ അഭിനന്ദിക്കുകയാണ്. കേരളത്തിലെ സമുന്നതനായൊരു രാഷ്ട്രീയ നേതാവ്, ചങ്കുറപ്പുള്ള തന്റേടമുള്ള കേരളത്തിലൊരു മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാൻ കോൺഗ്രസുകാരനായൊരു ഗോപിനാഥ് പോകേണ്ടി വരുമെന്ന് പറഞ്ഞാൽ അതിലേറ്റവും അഭിമാനിക്കുന്നു. നക്കേണ്ടി വന്നാൽ നക്കുമെന്നും എ.വി ഗോപിനാഥ് പറഞ്ഞു.
ഡിസിസി അധ്യക്ഷ പട്ടികയുടെ പേരിലുണ്ടായ വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും തുടർച്ചയാണ് ഗോപിനാഥിന്റെ രാജി. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് രാജി തീരുമാനത്തിനു പിന്നിലെന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ. ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് പിണറായി വിജയനെ പുകഴ്ത്തിയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ.
ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെയാണ് മുന്‍ ആലത്തൂര്‍ എം.എല്‍.എ കൂടിയായ ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുന്നത്. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചതെന്നും പക്ഷേ മനസ്സിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 15 വയസ്സു മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോൺഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വർഷം കേരളത്തിലെ കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിർത്താൻ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാൻ സാധിച്ചുവെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.