കൊച്ചി: ജ്വല്ലറി ഏറ്റെടുത്ത് നടത്താന്‍ എന്ന വ്യാജേന വ്യാപാരിയുടെ സ്വര്‍ണം കൈക്കലാക്കിയ ജ്വല്ലറി ഉടമ പിടിയില്‍. അവതാര്‍ ജ്വല്ലറി ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുല്ലയാണ് (51) പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. നടന്‍ മമ്മൂട്ടിയെ വെച്ചുളള പരസ്യങ്ങളിലൂടെയാണ് അവതാര്‍ ഗോള്‍ഡ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നത്. താരം തന്നെയായിരുന്നു ജ്വല്ലറികളുടെ പ്രധാന ഉദ്ഘാടകനും.
പെരുമ്പാവൂരിലെ പ്രശസ്ത സ്വര്‍ണവ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്‍ഡില്‍ പുതുതായി തുടങ്ങുന്നതിന് ഇരുകൂട്ടരും കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം നല്‍കിയ 12 കോടിയുടെ സ്വര്‍ണം കൈക്കലാക്കി ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പെരുമ്പാവൂരിലെ വ്യാപാരി റൂറല്‍ എസ്പി പിഎന്‍ ഉണ്ണിരാജന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി കെ. സുദര്‍ശനന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വിദേശത്തും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കോഴിക്കോട്ട് എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിദേശത്ത് കഴിയുന്ന മകനുള്‍പ്പെടെ കൂടുതല്‍ പേരെ പിടികൂടാനുണ്ട്. മമ്മൂട്ടിയെ വെച്ചുളള പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂര്‍, കളമേശരി സ്‌റ്റേഷനുകളില്‍ അവതാര്‍ ഗോള്‍ഡിനെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.