നൂറനാട്: അൻപതുവർഷം നൂറനാട് ഗ്രാമത്തിൽ സുരേഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ടൈപ്പ്മാസ്റ്റർ കെ.രാമചന്ദ്രൻ്റെ പേരിൽ ശിഷ്യന്മാരും ബന്ധുമിത്രാദികളും ചേർന്ന് നൽകുന്ന ഒറ്റക്കവിതാ അവാർഡിന് കവി കെ.രാജഗോപാലിൻ്റെ ‘അശ്വഹൃദയം’ എന്ന കവിത അർഹമായി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘അശ്വഹൃദയം’ എന്ന കവിതയ്ക്കാണ് അവാർഡ്. നാട്ടിൻപുറ ഓർമ്മകളെ തൊട്ടുനീങ്ങുന്ന മനോഹരമായ കല്പനകളിലൂടെ ഉയർന്നുവരുന്ന ഭാവഗോപുരമാണ് ഈ കവിത. മനുഷ്യാനുഭവത്തിൻ്റെ ശാശ്വതമായ മുക്തി സങ്കല്പിക്കുന്നിടത്താണ് കെ.രാജഗോപാലിൻ്റെ കവിത വെളിച്ചം പരത്തുന്നത്.
നാടിൻ്റെ വിദ്യാഭ്യാസവികസനത്തിൽ നിർണ്ണായക സംഭാവന ചെയ്ത വ്യക്തിയായിരുന്നു കെ.രാമചന്ദ്രൻ.
ചലച്ചിത്രകലയേയും സാഹിത്യത്തേയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത മനസ്സിനുടമയായിരുന്നു അദ്ദേഹം. ഹൃദ്യമായ ചിരിയും സ്നേഹപൂർവ്വമുള്ള ശാസനയും വിശാലഹൃദയത്വവുമായിരുന്നു രാമചന്ദ്രൻസാറിൻ്റെ മുഖമുദ്ര എന്ന് സി.പി.ഐ നേതാവും കൃഷിവകുപ്പ് മന്ത്രിയുമായ പി.പ്രസാദ് അദ്ദേഹത്തെക്കുറിച്ച് ഓർക്കുന്നുണ്ട്. കെ.രാമചന്ദ്രൻ്റെ മകനായ ആർ.സന്തോഷ് ബാബുവാണ് അച്ഛൻ്റെ സ്മരണയ്ക്കായിട്ടുള്ള ഈ സാഹിത്യ അവാർഡ് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്.
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കലാമൂല്യമുള്ള ശ്രദ്ധേയമായ ഒരു കവിതയ്ക്ക് വർഷത്തിൽ ഒരിക്കൽ 5555 രൂപയും ശില്പവുമാണ് അംഗീകാരമായി നൽകുന്നത്.2022 ഡിസംബർ 5-ന് നൂറനാട്ട് നടക്കുന്ന കെ. രാമചന്ദ്രൻ അനുസ്മരണ ചടങ്ങിൽ വെച്ച് അവാർഡ് നൽകുന്നതാണ്.
കഴിഞ്ഞ വർഷം ഈ അവാർഡ് കവി ശാന്തൻ്റെ ‘നീലധാര’ എന്ന കവിതയ്ക്ക് ലഭിച്ചിരുന്നു. 2022-ലെ അവാർഡുജേതാവായ കവി കെ.രാജഗോപാൽ കേരളാ ട്രഷറി ഡിപ്പാർട്ട്മെൻ്റിൽനിന്ന് ജില്ലാട്രഷറി ആഫീസറായി റിട്ടയർ ചെയ്ത വ്യക്തിയാണ്. മുദ്ര, ഒട്ടും ദൂരമില്ല, ഇലകളോരോന്ന്, പിന്നാമ്പുറം എന്നീ പുസ്തകങ്ങൾ അദ്ദേഹത്തിൻ്റെതായി പുറത്തുവന്നിട്ടുണ്ട്. കുമാരനാശാൻ സ്മാരക കാവ്യരചനാമത്സരത്തിൽ ഒന്നാം സ്ഥാനം, പ്രഥമ ജോൺ ഏബ്രഹാം പുരസ്കാരം, വി.ടി.കുമാരൻ മാസ്റ്റർ അവാർഡ്, 2006-ലെ കാവ്യ വേദി പുരസ്കാരം, രചനയുടെ സുരേന്ദ്രൻ സ്മാരക പുരസ്കാരം, അക്ഷര ബോധിനി പുരസ്കാരം എന്നീ അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കെ.രാജഗോപാൽ ആലപ്പുഴജില്ലയിലെ ചെങ്ങന്നൂരിൽ മുണ്ടൻകാവ് കണ്ടയ്ക്കാപ്പള്ളിൽ പരേതരായ പി.എൻ.ഭാസ്ക്കരൻ പിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും
മകനാണ്.