ന്യുഡൽഹി :അയോധ്യാവിധി വന്നപ്പോൾ ബി.ജെ.പിയുടെ ഉരുക്കുമനുഷ്യന്‍ എവിടെ ?അയോധ്യ എന്ന ഒറ്റ വിഷയത്തെ രാജ്യത്തെ മുഴുവന്‍ സ്പര്‍ശിക്കുന്ന രാഷ്ട്രീയ ആയുധമാക്കി മാറ്റിയതിന് പിന്നില്‍ അദ്വാനിയുടെ കൂര്‍മ്മ ബുദ്ധിയായിരുന്നു. 1984-ല്‍ പാര്‍ലമെന്റില്‍ രണ്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പിയെ ഇന്ത്യന്‍ ഭരണ പാര്‍ട്ടിയാക്കി വളര്‍ത്തുന്നതില്‍ അദ്വാനിയുടെ പങ്ക് നിര്‍വചിക്കാനാവുന്നതിലും വലുതാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനായി അദ്വാനി നടത്തിയ രഥയാത്രയാണ് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നത്.ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട് 27 വര്‍ഷമാകാന്‍ ഒരുമാസം മാത്രം ശേഷിക്കെ സുപ്രീംകോടതി ഇന്ന് അന്തിമവിധി പറഞ്ഞപ്പോള്‍ ചിത്രത്തിലില്ലാതെ പോയ ഒരു ബി.ജെ.പി നേതാവുണ്ട്. പേര് ലാല്‍ കൃഷ്ണ അദ്വാനി.
എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്കു നടന്ന രഥയാത്രയെത്തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണു കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തത്. അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയും ഇതിന് നേതൃത്വം നല്‍കി.
എന്നാല്‍, ഇന്ന് അയോധ്യയില്‍ സുപ്രീംകോടതി ചരിത്രവിധി നടത്തവെ, ഈ ബി.ജെ.പി നേതാവ് ചിത്രത്തിലെവിടെയുമില്ല. ദല്‍ഹിയിലെ പൃഥ്വിരാജ് റോഡിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇന്നാകെയെത്തിയത് ഒരാള്‍ മാത്രം, ഉമാഭാരതി. ഒരുമണിക്കൂറോളം അദ്വാനിയുടെ വീട്ടില്‍ ചെലവഴിച്ചതിന് ശേഷമാണ് അവര്‍ മടങ്ങിയത്.
ഇന്ത്യന്‍ രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലച്ച ഈ കൂര്‍മ്മബുദ്ധിക്കാരന്റെ വീടും പരിസരവും ഇന്ന് പതിവുപോലെ നിശബ്ദമായിരുന്നു. അധികസുരക്ഷ പോലും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. ആഘോഷത്തിന്റെയോ സന്തോഷ പ്രകടനങ്ങളുടെയോ ഒരു സൂചനപോലും ആ പരിസരത്തെങ്ങുമുണ്ടായില്ല.ഇന്നലെയായിരുന്നു അദ്വാനിയുടെ 92-ാം ജന്മദിനമെന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുകൂടിയുണ്ട്. പിറന്നാളാശംസിക്കാന്‍ മോദിയടക്കമുള്ള ബി.ജെ.പിയുടെ പ്രധാനനേതാക്കള്‍ ഇവിടെയെത്തിയിരുന്നു. എന്നിട്ടും പാര്‍ട്ടിയുടെ വിജയത്തിന് അടിത്തറ പാകിയ രാഷ്ട്രീയ ആചാര്യന് ഒന്ന് ഹസ്തദാനം ചെയ്യാന്‍ ഇന്ന് ആരുമെത്തിയില്ല.വിധി പറഞ്ഞ ഇന്ന് വൈകീട്ട് ഏഴ് മണിവരെയും വിധിയെക്കുറിച്ച് അദ്വാനിയുടെതായി ഒരു പ്രസ്താവനപോലും വന്നില്ല. ഏഴ് മണിക്ക് ശേഷമാണ് അദ്ദേഹം പ്രസ്താവനയിലൂടെ പ്രതികരിച്ചത്.
ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ അദ്വാനിയുമായി ദി പ്രിന്റിന്റെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും വരുമെന്ന് കരുതുന്നില്ലെന്നും അദ്വാനി പുറത്തേക്ക് വീടിന് പുറത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ദീപക് ചോപ്ര അറിയിച്ചത്.അയോധ്യാ വിധി ബി.ജെ.പി ആഘോഷിക്കുമ്പോള്‍ അദ്വാനിയുടെ പങ്ക് അത്രയെളുപ്പം മറക്കാനാവുന്നതല്ല. 1980-ല്‍ രൂപീകൃതമായ ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് രാമജന്മഭൂമി മൂവ്‌മെന്റോടെ 1984ലാണ് അദ്വാനി കടന്നുവരുന്നത്. ഇതിന് രണ്ടുവര്‍ഷത്തിന് ശേഷം 1986ല്‍ അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായി.1989ലാണ് 400 വര്‍ഷം പഴക്കമുള്ള ബാബ്‌റി മസ്ജിദ് നിലകൊള്ളുന്നിടത്താണ് രാമന്‍ ജനിച്ചതെന്നും അവിടെ രാമക്ഷേത്രം പണിയണമെന്നുമുള്ള രാഷ്ട്രീയ അജണ്ട ബി.ജെ.പി പുറത്തെടുക്കുന്നത്.
1990ല്‍ ഗുജറാത്തുമുതല്‍ അയോധ്യവരെ രഥയാത്ര നടത്തിയായിരുന്നു അദ്വാനി ജനവികാരം രാമക്ഷേത്ത്രിന് അനുകൂലമാക്കിയെടുത്തത്. അദ്വാനി ലക്ഷ്യസ്ഥാനത്തെത്തുന്നതിന് തൊട്ടുമുമ്പ് ലാലു പ്രസാദ് യാദവിന്റെ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ അറസ്റ്റിലൂടെ അദ്ദേഹമുണ്ടാക്കിയ പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല.സോമന്തിലെ ശിവക്ഷേത്രത്തില്‍ നിന്നാണ് അദ്വാനി രഥയാത്ര ആരംഭിച്ചത്. ബി.ജെ.പിയുടെ അജണ്ടയെ സംബന്ധിച്ചിടത്തോളം സോമന്ത് എന്തുകൊണ്ടും രഥയാത്രയുടെ തുടക്കത്തിന് ആവശ്യമായിരുന്നു. കാരണം, നൂറ്റാണ്ടുകള്‍ക്കിടെ പലതവണ പൊളിച്ച് നിര്‍മ്മിച്ചതാണ് സോമന്തിലെ ഈ ശിവക്ഷേത്രം. 1665-ല്‍ മുഗള്‍ രാജാവ് ഔറംഗസേബിന്റെ കാലത്തായിരുന്നു അവസാനമായി ശിവക്ഷേത്രം തകര്‍ക്കപ്പെട്ടത്. തുടര്‍ന്ന് 1950-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ഇത് പുനര്‍നിര്‍മ്മിക്കുകയായിരുന്നു.
സോമന്തില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിച്ചതുപോലെ അയോധ്യയിലും എന്നതായിരുന്നു അദ്വാനിയുടെ ഈ നീക്കത്തിന് പിന്നിലെ അജണ്ട. സോമന്തില്‍നിന്ന് അയോധ്യയിലേക്ക് എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച അദ്വാനിയുടെ രഥയാത്രക്ക് ഇക്കാരണങ്ങള്‍കൊണ്ടുതന്നെ വളരെ പിന്തുണ ലഭിക്കാന്‍ അധികം താമസമെടുത്തില്ല.
ഇതിനെക്കുറിച്ച് 2008-ല്‍ അദ്വാനി തന്റെ ‘മൈ കണ്‍ട്രി മൈ ലൈഫ്’ എന്ന പുസ്‌കതത്തിലും വിവരിച്ചിട്ടുണ്ട്.രഥയാത്രയുടെ ഉദ്ദേശം സമാധാനമായിരുന്നില്ലെന്ന് യാത്രക്കിടെ ചില ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രത്തില്‍ത്തന്നെ വ്യക്തമാണ്. ത്രിശൂലവും മഴുവും വാളും അമ്പും വില്ലും അദ്വാനിക്കൊപ്പം രഥത്തിലുണ്ടായിരുന്നു. ഹിന്ദുക്കള്‍ക്കുവേണ്ടി ക്ഷേത്രം നിര്‍മ്മിക്കണമെന്നും മുസ്‌ലിങ്ങളുടെ കാപട്യം തിരിച്ചറിയണമെന്നും എഴുതിയ പോസ്റ്ററുകള്‍ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗദളിന്റെയും പ്രവര്‍ത്തകര്‍ രഥയാത്ര വരുന്ന വഴിനീളെ വിതരണം ചെയ്യുകയും ചെയ്തു.അതുകൊണ്ട് തന്നെ രഥയാത്ര വലിയ കലാപത്തിനും കൊലപാതകത്തിനുമാണ് വഴിവെച്ചത്. 1990 ഒക്ടോബറില്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ബീഹാര്‍ സര്‍ക്കാര്‍ സമസ്തിപുരില്‍വച്ച് യാത്ര തടയുകയും അദ്വാനിയെയും സംഘത്തെയും അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
അദ്വാനിയുടെ അറസ്റ്റിന് പിന്നാലെ നൂറുകണക്കിന് കര്‍സേവകര്‍ അയോധ്യയിലേക്ക് ഇരച്ചെത്തി.ഇതിന് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 1992 ഡിസംബര്‍ ആറിന് അദ്വാനിയുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തു.അക്കാലത്തെ പ്രധാന റിപ്പോര്‍ട്ടുകളെല്ലാം അടിവരയിട്ട് വ്യക്തമാക്കിയിരുന്നത് ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ അദ്വാനിയുടെ നിര്‍ണായക പങ്കിനെക്കുറിച്ചും തലച്ചോറിനെക്കുറിച്ചുമായിരുന്നു.
‘1992 ഡിസംബര്‍ ആറിന് തര്‍ക്കഭൂമിക്ക് 150-200 മീറ്റര്‍ മാത്രം അകലെയുള്ള രാം കഥാ കുഞ്ച് മഞ്ചില്‍വെച്ച് അദ്വാനി നടത്തിയ ആത്മീയ പ്രഭാഷണമാണ് എല്ലാത്തിനും കാരണമായത്. ഈ പ്രസംഗം ആളുകളെ പിടിച്ചിരുത്തി. തര്‍ക്കസ്ഥലത്തുതന്നെ ക്ഷേത്രം പണിയണമെന്ന് അദ്വാനി ആവര്‍ത്തിച്ചുകൊണ്ടിരുന്നു’, ഡിസംബര്‍ ആറിന് അദ്വാനിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത സി.ബി.ഐ പ്രത്യേക കോടതിയില്‍ പറഞ്ഞു.ബാബ്‌റി മസ്ജിദ് പൊളിക്കാനുള്ള നീക്കത്തില്‍ നിന്നും കര്‍സേവകരെ തടയാന്‍ ബി.ജെ.പി നേതാക്കളാരും അയോധ്യയിലേക്കെത്തിയില്ല. മസ്ജിദ് തകര്‍ക്കപ്പെട്ടത് ബി.ജെ.പി നേതാക്കള്‍ മധുരം പങ്കിട്ട് ആഘോഷിച്ചു’, ഗുപ്ത പറഞ്ഞു.
സി.ബി.ഐ കുറ്റപത്രത്തില്‍ കുറിച്ചതിങ്ങനെ, ‘അദ്വാനി ഡിസംബര്‍ ആറിന് കര്‍സേവകരോട് പറഞ്ഞു, കര്‍സേവ എന്നാല്‍ ഭജനയെന്നും കീര്‍ത്തനമെന്നും മാത്രമല്ല അര്‍ത്ഥം. രാമക്ഷേത്രം പണിയാനും കര്‍സേവകര്‍ക്ക് ഉത്തരവാദിത്വമുണ്ട്’. (ദി വയറിന്റെ റിപ്പോര്‍ട്ടില്‍നിന്നും).
മസ്ജിദ് തകര്‍ത്തത് പെട്ടെന്നുണ്ടായ കാര്യമല്ലെന്നും തകര്‍ക്കാനുള്ള അവസാന തീരുമാനമെടുക്കുന്നതിന് മുമ്പ് ബി.ജെ.പി നേതാവ് വിനയ് കത്യാറുടെ വീട്ടില്‍വച്ച് അദ്വാനി പലതവണ യോഗം ചേര്‍ന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.മോദി പ്രധാനമന്ത്രിയായി സ്ഥാനമെടുത്തതിന് പിന്നാലെ പൂര്‍ണമായും ‘വിശ്രമ’ ജീവിതത്തിലാണ് അദ്വാനി. മോദിയുടെ സ്ഥാനാരോഹണത്തിന് ശേഷം അദ്വാനി രാഷ്ട്രീയത്തിലും സജീവമല്ല.
ലാല്‍ കൃഷ്ണ അദ്വാനിയെന്നാല്‍, ഒരുകാലത്ത് ബി.ജെ.പിക്ക് പാര്‍ലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും മേല്‍വിലാസമായിരുന്നു. വാജ്‌പേയ്-അദ്വാനി കൂട്ടുകെട്ട് മോദി-ഷാ ബന്ധത്തെക്കാള്‍ ദൃഢവും പ്രധാനവുമായിരുന്നു.എന്നാല്‍, ഒന്നാം മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ അദ്വാനി വാ തുറന്നിട്ടില്ലെന്നാണ് സഭാ രേഖകള്‍ വ്യക്തമാക്കുന്നത്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ നാവായിരുന്ന അദ്വാനി അഞ്ചുവര്‍ഷം കൊണ്ട് 365 വാക്കുകള്‍ മാത്രമാണ് സഭയില്‍ സംസാരിച്ചത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പോടെ അദ്വാനിയുടെ പതനം പൂര്‍ണമായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഈ ഉരുക്കുമനുഷ്യന് നിര്‍ബന്ധിത പടിയിറക്കമായിരുന്നു വിധി. 1998 മുതല്‍ അദ്വാനി കൈപ്പിടിയിലാക്കിയ ഗാന്ധിനഗറില്‍ ഇത്തവണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചത് അമിത് ഷായാണ്. അദ്വാനിയുടെ പേരുപോലും പരിഗണിക്കപ്പെട്ടില്ല എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.അതായത്, ബി.ജെ.പിയുടെ മോദി യുഗത്തില്‍ അദ്വാനി നിര്‍ബന്ധിതമായി വിസ്മൃതനാവുന്നു. ശിഷ്യനാല്‍ ഇല്ലാതായ നേതാവെന്നായിരിക്കാം ഒരു പക്ഷേ, ബി.ജെ.പിയുടെ നാഴികക്കല്ലായ അദ്വാനിയെ ചരിത്രം രേഖപ്പെടുത്തുക.