നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം.പാരിജാതം നട്ടു;വെള്ളിശില പാകി;പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര ശിലാന്യാസം നടത്തി

ലക്‌നൗ: നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി നരേന്ദ്ര മോദി കോടിക്കണക്കിന് ഭക്തരുടെ സ്വപ്‌നം സഫലമാക്കി. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. രാമജന്മഭൂമിയിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം അരമണിക്കൂർ നീണ്ടുനിന്ന ഭൂമിപൂജയിൽ പങ്കെടുത്തു. തുടർന്ന് 12.44നായിരുന്നു ശിലാസ്ഥാപന കർമം.

ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലഖ്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.


പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽനിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിരുന്നു.

ഉത്സവലഹരിയിലാണ് അയോധ്യ. വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കി. പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകൾക്ക് നേർസാക്ഷ്യം വഹിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.

Top