
അയ്യപ്പ കര്‍മ്മ സമിതി നടത്തിയ അയപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം. സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. വ്യാജ പ്രചാരണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഋഷിരാജ് സിംഗുമായി രൂപ സാദൃശ്യമുള്ള ഒരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് വ്യജ പ്രചാരണം നടക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയാണ് മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ കര്‍മ്മ സമിതിയുടെയും ബിജെപി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ അയ്യപ്പജ്യോതി നടത്തിയത്. സുരേഷ് ഗോപി എം പി, മുന്‍ ഡി ജി പി ടി പി സെന്‍ കുമാര്‍, പി എസ് സി മുന്‍ ചെയര്‍മാന്‍ ഡോ കെ എസ് രാധാകൃഷ്ണന്‍ എന്നിവരടക്കം നിരവധി പേര്‍ അയ്യപ്പജ്യോതി തെളിയിച്ചിരുന്നു.