തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പജ്യോതി സംഗമം സംഘടിപ്പിക്കും. ബിജെപിയുടെയും സംഘപരിവാറിന്റെയും പിന്തുണയോടെ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്.
എന്‍.എസ്.എസ് പോലുള്ള സംഘടനകളും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മയും അയ്യപ്പജ്യോതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കാസര്‍കോട് ഹൊസങ്കടി മുതല്‍ കന്യാകുമാരി ത്രിവേണി വരെയാണ് സംഗമം.
പത്തു ലക്ഷം ഭക്തര്‍ അണിനിരക്കുന്ന അയ്യപ്പജ്യോതി സംഗമത്തിന് ശബരിമല കര്‍മ്മസമിതി സജ്ജമായി. വിശ്വാസ സംരക്ഷണ സമ്മേളനങ്ങളോടെ ഇന്ന് വൈകിട്ട് ആരംഭിക്കുന്ന സംഗമം അയ്യപ്പജ്യോതി തെളിച്ച് ശരണമന്ത്രം മുഴക്കി അവസാനിക്കുമെന്ന് ശബരിമല കര്‍മ്മസമിതി അദ്ധ്യക്ഷ കെ.പി. ശശികല, ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈകിട്ട് 4.30 ന് ഭക്തര്‍ റോഡില്‍ അണിനിരക്കും. 5.45 ന് സമ്മേളനങ്ങള്‍ ആരംഭിക്കും. ആറിന് ജ്യോതി തെളിക്കും. 6.30 ന് ശരണം മുഴക്കി സമാപിക്കും. രാജ്യത്തെ മറ്റു 12 സംസ്ഥാനങ്ങളിലെ മൂവായിരം കേന്ദ്രങ്ങളിലും അയ്യപ്പഭക്തര്‍ ജ്യോതി തെളിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.