ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു; ഭരണ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യം

തിരുവനന്തപുരം: ചിന്തിപ്പിച്ചും ചിരിപ്പിച്ചും കേരളത്തിന്റെ ഭരണ, സാംസ്‌കാരിക, ആത്മീയ രംഗങ്ങളില്‍ നിറഞ്ഞുനിന്ന ഡോ. ഡി.ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഒരാഴ്ചയായി അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമേഹംമൂലം കാലില്‍ ഉണ്ടായ മുറിവില്‍നിന്നുള്ള അണുബാധ വൃക്കകളെയും കരളിനെയും ബാധിച്ചതാണ് മരണ കാരണം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ആരോഗ്യനില ആശങ്കാജനകമായി തുടര്‍ന്ന ബാബുപോളിന്റെ ശരീരം ഇന്നലെ ഉച്ചയോടെ തന്നെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ ജനിച്ച ഡി.ബാബുപോള്‍ തിരുവനന്തപുരത്തായിരുന്നു സ്ഥിരതാമസം. ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച അദ്ദേഹം കിഫ്ബി ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, ധനകാര്യ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി ചീഫ് എക്സിക്യുട്ടീവ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം മാനേജിംഗ് ഡയറക്ടര്‍ തുടങ്ങി നിരവധി ഉന്നത തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളില്‍ കളക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇരുപത്തിയൊന്നാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച അദ്ദേഹം 59-ാം വയസ്സില്‍ ഐ.എ.എസ് വിട്ട് ഓംബുഡ്സ്മാന്‍ സ്ഥാനം സ്വീകരിക്കുകയായിരുന്നു. 2001 സെപ്തംബറില്‍ ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചു.

പ്രഭാഷകന്റെ സൗമ്യ സാന്നിധ്യമായും ചിന്തകന്റെ കടലാഴമായും എഴുത്തുകാരന്റെ മധുരാക്ഷരമായും സാഹിത്യ- സാംസ്‌കാരിക നഭസ്സില്‍ കനകതാരകമായി ശോഭിച്ച ഡി. ബാബുബോളിന്റെ ആദ്യ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് 19-ാം വയസ്സില്‍- ഒരു യാത്രയുടെ ഓര്‍മ്മകള്‍. കഥ ഇതുവരെ ആണ് സര്‍വീസ് സ്റ്റോറി. ഇംഗ്‌ളീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ബൈബിള്‍ വിജ്ഞാനകോശമായ വേദശബ്ദ രത്‌നാകരത്തിന്റെ രചയിതാവാണ്.

ഭാര്യ പരേതയായ അന്ന ബാബുപോള്‍. മക്കള്‍ മറിയം ജോസഫ്, ചെറിയാന്‍ സി. പോള്‍. സംസ്‌കാരം പിന്നീട്

Top