കൊച്ചി:കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സിംഗിൾ ബെഞ്ചാണ് ജാമ്യഹർജി തള്ളിയത്.റിമാന്‍റിലായതിന്‍റെ പത്താം നാളാണ് ദിലീപിന്‍റെ ജാമ്യഹര്‍ജിയിയിലെ വിധി വന്നിരിക്കുന്നത്. നേരത്തെ ആങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് ജാമ്യം നല്‍കിയിരുന്നില്ല. അതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ദിലീപിനെതിരേ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകിയാൽ അന്വേഷണത്തിന് തടസമാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദവും അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.
ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ഇനി സുപ്രീംകോടതിയെ സമീപിക്കാനായിരിക്കും ശ്രമിക്കുക. എന്നാൽ ഈ ഘട്ടത്തിൽ സുപ്രീംകോടതിയിൽ പോയാലും അനുകൂല വിധിയുണ്ടാകില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. അതിനാൽ കൂടുതൽ നിയമോപദേശം തേടിയ ശേഷമാവും ദിലീപിന്‍റെ നീക്കും.
പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതി അംഗീകരിച്ചത് പ്രതിഭാഗത്തിന് തിരിച്ചടിയായി. കേസ് ഡയറിയും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ചൊവ്വാഴ്ച ദിലീപിന്‍റെ റിമാൻഡ് കാലാവധി പൂർത്തിയാവുകയാണ്. ഒളിവിലായ ദിലീപിന്‍റെ മാനേജർ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന കണ്ണിയാണ് അപ്പുണ്ണിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം മുതൽ അപ്പുണ്ണി ഒളിവിലാണ്.