തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകട മരണം സംഭവിച്ച് എട്ട് മാസം പിന്നിട്ടിട്ടും ബാലഭാസ്‌കറിന്റെ മൊബൈല്‍ ഫോൺ കിട്ടിയിട്ടില്ല .ഫോണിനായുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശന്‍ തമ്പിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. പ്രകാശന്‍ തമ്പിയെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്‍കി.
അപകടം സംഭവിച്ച് കഴിഞ്ഞ് ഫോണിലേക്ക് എത്തിയ ഒരു കോളിനെ സംബന്ധിച്ചും ദുരൂഹതകളുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ പല രേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന്‍ തമ്പിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു ആരോപിച്ചിരുന്നു.
അതേസമയം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. അപകടസമയം കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന് ലക്ഷ്മി ആവര്‍ത്തിച്ചു. കൊല്ലത്ത് വെച്ച് ഒരു കടയില്‍ ഇറങ്ങിയ ശേഷം അര്‍ജുന്‍ തന്നെയാണ് വീണ്ടും വാഹനം ഓടിച്ചതെന്നാണ് ലക്ഷ്മിയുടെ മൊഴി. പിന്നിലെ സീറ്റില്‍ ബാലഭാസ്‌കര്‍ കിടക്കുകയായിരുന്നെന്നും ലക്ഷ്മി പറഞ്ഞു. ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് അര്‍ജുന്‍ ആശുപത്രിയില്‍ വെച്ച് പറഞ്ഞതായി ലക്ഷ്മിയുടെ അമ്മയും പറഞ്ഞു. അര്‍ജുന്‍ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് സാക്ഷി മൊഴികളുമുണ്ട്.