ഈ അമ്മമാരുടെ കണ്ണീർ തോരുന്നില്ല…! ലക്ഷ്മിയോട് എന്തു പറയുമെന്ന് ആർക്കുമറിയില്ല.ബാലഭാസ്കര്‍ ഇനി ഓര്‍മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

വെന്തുനീറുന്ന ഈ അമ്മമാരുടെ മനസ് ആർക്കു വായിക്കാനാകും? കരഞ്ഞു കണ്ണീരു വറ്റിയ ഇവരുടെ ഹൃദയ നൊമ്പരത്തെ ആർക്കു സാന്ത്വനിപ്പിക്കാനാകും? ബാലഭാസ്കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുമാണ് ഈ അമ്മമാർ. വസതിയായ തിരുമല വിജയമോഹിനി മില്ലിനു സമീപം എൽഐസി ലെയ്നിൽ ‘ഹിരൺമയ’യിലേക്കു ബാലഭാസ്കറിന്റെ ചേതനയറ്റ മൃതദേഹം എത്തിയപ്പോൾ രണ്ട് അമ്മമാരും അലമുറയിട്ടു കരഞ്ഞു.പൊന്നുമോന്റെ മുഖത്തേക്കു വീണ്ടും നോക്കാനാകാതെ ശാന്തകുമാരി മോഹാലസ്യപ്പെട്ടു. ബന്ധുക്കൾ ചേർന്ന് ഇരുവരെയും അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ആ കാഴ്ച കാണാനാവാകെ വീട്ടിൽ കൂടിയവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. ബാലഭാസ്കറിന്റെ അച്ഛൻ സി.കെ.ഉണ്ണിയും (ചന്ദ്രൻ) ലക്ഷ്മിയുടെ അച്ഛൻ സുന്ദരേശൻ നായരും ദു:ഖം താങ്ങാനാവാതെ തളർന്ന നിലയിലാണ്.

ബാലഭാസ്കറും ലക്ഷ്മിയും ഒരുമിച്ചു ജീവിതം തുടങ്ങിയ വീടാണിത്. ഇന്നലെ വൈകിട്ടു ബാലഭാസ്കറിന്റെ ശരീരം അവിടെയെത്തിക്കുമ്പോൾ ലക്ഷ്മി വീട്ടിലില്ല. അപകടത്തിൽ ഗുരുതര പരുക്കേറ്റ ലക്ഷ്മി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചിട്ടില്ല. കണ്ണു തുറക്കുമ്പോൾ ലക്ഷ്മിയോട് എന്തു പറയുമെന്ന് ആർക്കുമറിയില്ല. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും. കോളജ് പഠനത്തിനിടെ പ്രണയിച്ച് 22–ാം വയസിൽ ബാലുവിന്റെ ജീവിതപങ്കാളിയായ ലക്ഷ്മിക്ക് തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകൾ ജാനിക്കും സംഭവിച്ച ദുരന്തം താങ്ങാനാകുമോയെന്ന് അവർക്കു ഊഹിക്കാൻ പോലുമാകുന്നില്ല.ഓർമ്മകളും സംഗീതവും ബാക്കിയാക്കി ബാലു വിടവാങ്ങുമ്പോൾ ലക്ഷ്മിയെ ഓർത്താണ് ഈ അമ്മമാരുടെ ഇനിയുള്ള കണ്ണീരത്രയും. ബാലഭാസ്കറിനെ ഒരു നോക്കു കാണാൻ ഹിരൺമയയിലേക്ക് ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ഒട്ടേറെ പേരെത്തി.

ബാലഭാസ്‌കറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.ഇന്നലെ രാവിലെ യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വച്ചശേഷം ഭൗതികദേഹം രാത്രിയോടെ പൂജപ്പുര തിരുമലയിലെ വീട്ടിലെത്തിച്ചിരുന്നു.

തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കഴിഞ്ഞ 25ന് രാവിലെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്റെ മകള്‍ രണ്ടുവയസ്സുകാരി തേജസ്വിനി അപകട ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

Top