ഞങ്ങൾ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നില്ല..!! അമിത് ഷായ്ക്ക് മറുപടിയുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളാനാണ് പൗരത്വ ഭേതഗതി ബില്ല് കൊണ്ടുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ രാജ്യസഭയിലും ലോക്സഭയിലും പറഞ്ഞിരുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് നേരെ അത്തരത്തിൽ പീഡനങ്ങളൊന്നും നടക്കുന്നില്ലെന്ന വാദവുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ രംഗത്തെത്തി.

ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.  ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കളെ ബംഗ്ലാദേശില്‍ പീഡിപിക്കുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗ്ലാദേശിനെ പോലെ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങള്‍ക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണ്. വിവിധ മതങ്ങളിലുള്ളവര്‍ തമ്മിലുള്ള മാതൃകാപരമായ ഐക്യത്തേയാകും അമിത്ഷായ്ക്ക് ഇവിടെ കാണാനാവുകയെന്നും അബ്ദുള്‍ മോമെന്‍ പറഞ്ഞു. ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. ഒരു സൗഹൃദ രാജ്യമെന്ന നിലയില്‍ സൗഹൃദത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സ്ഥിതിഗതികള്‍ ബംഗ്ലാദേശ് സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ ഒരാളേയും മതം അടിസ്ഥാനമാക്കി കാണില്ല. എല്ലാവരും ബംഗ്ലാദേശ് പൗരന്‍മാരാണെന്ന രീതിയിലേ കാണൂ. തൊഴില്‍ മേഖല ഉള്‍പ്പെടെ എല്ലാ മേഖലകളിലും എല്ലാ മതവിശ്വാസികള്‍ക്കും ഒരേ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് ഉറപ്പാക്കുന്നുവെന്നും മോമെന്‍ പറഞ്ഞു.

തങ്ങളുടെ രാജ്യം മതസൗഹാര്‍ദത്തിന്റെ കാര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണ്‌. ഒരു മതത്തില്‍ പെട്ടവരേയും ഇവിടെ അടിച്ചമര്‍ത്തുന്നില്ല. എല്ലാ മതക്കാരോടും ബഹുമാനം മാത്രമാണ്. ന്യൂനപക്ഷങ്ങളേയും ഒരേ കണ്ണുകൊണ്ടാണ്‌ കാണുന്നത്- അദ്ദേഹം പറഞ്ഞു.

‘ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിന്റെ ഒരു സുവര്‍ണ്ണ അധ്യായം ആസ്വദിക്കുകയാണെന്നും ‘അതിനാല്‍, സ്വാഭാവികമായും നമ്മുടെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ഇന്ത്യ അവരില്‍ ഉത്കണ്ഠ സൃഷ്ടിക്കുന്ന ഒന്നും ചെയ്യില്ല എന്നാണ്’-ബംഗ്ലാദേശ് വിദേശകാര്യമന്ത്രി പറഞ്ഞു.

മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ഈ ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ചരിത്രപരമായി മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഒരു സഹിഷ്ണുത പുലര്‍ത്തുന്ന രാജ്യമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യതിചലിച്ചാല്‍ അവരുടെ ചരിത്രപരമായ സ്ഥാനം ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പ്രസ്താവനയിറക്കിയത്. ഇന്ത്യയില്‍ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച എത്തുന്ന മോമെന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.

Top