
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമോയെന്നതു സംബന്ധിച്ച് ഈമാസം 29ന് കോടതി വിധിപറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും ഹര്‍ജിക്കാരുടെയും വാദങ്ങള്‍ പൂര്‍ത്തിയായി.
അതേസമയം, കോടതിയെ സഹായിക്കാനെന്ന പേരിലെത്തിയ അഭിഭാഷകന്‍ കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടതു കോടതിയില്‍ വാക്കുതര്‍ക്കത്തിനിടയാക്കി. മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തളളണമെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു 11 ഹര്‍ജികളാണു കോടതിക്ക് മുന്നിലുളളത്. ബാറുടമ ബിജു രമേശിന്റെ വാദവും കൂടി ഇന്നലെ പൂര്‍ത്തിയായതോടെ വിധി പറയാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. കേസില്‍ കോഴ ആവശ്യപ്പെട്ടതും കൈപ്പറ്റിയതുമൊക്കെ വിചാരണഘട്ടത്തിലേ പ്രസക്തമാകുകയുള്ളൂവെന്നു ബിജുവിന്റെ അഭിഭാഷകന്‍ കെ.പി. ഉദയഭാനു പറഞ്ഞു.
മാത്രമല്ല, മാണി കോഴ വാങ്ങിയെന്നതിനു മതിയായ തെളിവ് അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ റിപ്പോര്‍ട്ടിലുണ്ട്. മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ കാരണമാണ് അദ്ദേഹം മറ്റൊരു റിപ്പോര്‍ട്ട് നല്‍കിയത്. വസ്തുതാ റിപ്പോര്‍ട്ടില്‍ പോരായ്മ ഉണ്ടെന്നു കണ്ടെത്തിയാല്‍ തുടരന്വേഷണത്തിനാണു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കേണ്ടിയിരുന്നത്. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളെ ഡയറക്ടര്‍ വിമര്‍ശിക്കുകയായിരുന്നു. ഇതു ചെയ്യാന്‍ ഡയറക്ടര്‍ക്ക് എന്ത് അധികാരമാണുള്ളത്? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണു ഡയറക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നു നിയമോപദേശം തേടിയത്?
സ്വകാര്യ അഭിഭാഷകനു കേസിന്റെ എല്ലാ രേഖകളും കൈമാറിയോ എന്നു പോലും അറിയില്ല. അതിനാല്‍ മേലുദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്നു തയാറാക്കിയ അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പാടില്ല. വസ്തുതാ റിപ്പോര്‍ട്ട് അംഗീകരിച്ചു കോടതി തുടരന്വേഷണത്തിന് ഉത്തരവിടണമെന്ന് ഉദയഭാനു വാദിച്ചു. ഇതേ ഉദ്യോഗസ്ഥന്‍ തന്നെ തുടരന്വേഷണം നടത്താനും ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നും, കോടതി അത് അംഗീകരിക്കണമെന്നും വിജിലന്‍സ് അഡീഷനല്‍ ഡയറക്ടര്‍ (പ്രോസിക്യൂഷന്‍സ്) ജി. ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു വേണ്ടിയാണു താന്‍ ഹാജരാകുന്നത്. നിമയപ്രകാരം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അന്വേഷണം പൂര്‍ത്തിയായി. വസ്തുതാ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കോടതി അതു വരുത്തിയതാണ്. അത് അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായവുമല്ല. അഴിമതി നടന്നതായി തെളിവിന്റെ കണിക പോലുമില്ല. ഹര്‍ജിക്കാര്‍ക്ക് പുതിയ തെളിവൊന്നും ഹാജരാക്കാനും കഴിഞ്ഞില്ല. പുതിയ തെളിവ് ഉണ്ടെങ്കിലെ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബിജു രമേശ് ഹാജരാക്കിയ സിഡി ഫയലിന്റെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥനു ലഭിച്ചിട്ടില്ലെന്ന് ഉദയഭാനു ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷി ചേര്‍ന്ന അഭിഭാഷകന്‍ നോബിള്‍ മാത്യുവും തുടരന്വേഷണം ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പ്രത്യേകം ഹര്‍ജികള്‍ നല്‍കി. രണ്ടാഴ്ചയായി തുടരുന്ന വാദത്തിനിടയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉളളടക്കം തീരുമാനിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. വാദത്തിനിടെ വിജിലന്‍സ് അഭിഭാഷകന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി: ആര്‍. സുകേശനെ തളളിപറയുകയും ചെയ്തു. നിയമോപദേശം വാങ്ങാനെന്ന പേരില്‍ സുപ്രീംകോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്കു കേസ് രേഖകള്‍ പരിശോധിക്കാന്‍ നല്‍കിയെന്നതും ചൂടേറിയ വാദമുഖങ്ങള്‍ തുറന്നു.
വിജിലന്‍സ് ഡയറക്ടറുടെ നടപടി ശരിയോ എന്നു കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു. തുടര്‍ന്നു വിജിലന്‍സ് അഭിഭാഷകന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തുന്ന സാഹചര്യവുമുണ്ടായി. കെ.എം. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നാണു വിജിലന്‍സിന്റെ പ്രധാനവാദം.ബാറുടമ ബിജു രമേശിന്റെ വാദമാണ് ഇന്ന് അവസാനമായി പൂര്‍ത്തിയായത്. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 10 ഹര്‍ജികളാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.വിജിലന്‍സിന്റെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരെ ബാറുടമ ബിജു രമേശ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.