
തിരുവനന്തപുരം :ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവായി. കേസ് നേരത്തേ അന്വേഷിച്ച് എസ് പി ആര്‍ സുകേശന്‍ തന്നെ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മാണിക്കെതിരെയുള്ള ആരോണങ്ങള്‍ക്ക് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.അന്വേഷണത്തില്‍ ഇടപെടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമില്ല. ഡയറക്ടറുടെ നടപടികള്‍ തെറ്റ്. ശബ്ദരേഖയടക്കം എല്ലാ തെളിവുകളും സമഗ്രമായി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി ജോണ്‍ ഇല്ലിക്കാടനാണ് കേസില്‍ വിധിപറഞ്ഞത്.അന്തിമ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്.കേസില്‍ മാണി കോഴ വാങ്ങിയതിന് മതിയായ തെളിവുണ്ടെന്നാണ് വസ്തുതാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇതിന് വിരുദ്ധ സമീപനമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത്. മാണിക്കെതിരെ മതിയായ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മേലുദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത് എന്ന് ആക്ഷേപമുയര്‍ന്നു.
വസ്തുതാ റിപ്പോര്‍ട്ടില്‍ പോരായ്മ ഉണ്ടെന്ന് കണ്ടെത്തിയാണ് തുടരന്വേഷണത്തിനായിരുന്നു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിമര്‍ശിയ്ക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍ ചെയ്തത്. ഇത് ചെയ്യാനുള്ള വിജിലന്‍സ് ഡയറക്ടറുടെ അധികാരത്തെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഡയറക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും നിയമോപദേശം തേടിയതെന്നും ഹര്‍ജിക്കാര്‍ ചോദിച്ചിരുന്നു. അതിനാല്‍ അന്തിമ റിപ്പോര്‍ട്ട് അംഗികരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.
ബാർ കോഴക്കേസിന്റെ നാൾ വഴികൾ
∙ 2014 നവംബർ ഒന്ന്: പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിന് മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബിജു രമേശിന്റെ ആരോപണം
∙ ഡിസംബർ 10: കെ.എം. മാണിയെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം ആരംഭിച്ചു
∙ 2015 മാർച്ച് 27: പുതിയ അബ്കാരി വർഷത്തിൽ പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കിക്കൊടുക്കേണ്ടെന്ന് എക്സൈസ് കമ്മിഷണറുടെ സർക്കുലർ.
∙ 2015 മാർച്ച് 30: ബിജു രമേശ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. കെ.എം. മാണി, കെ.ബാബു, വി.എസ്. ശിവകുമാർ എന്നിവർക്കെതിരെയായിരുന്നു മൊഴി
∙ മാർച്ച് 31: പഞ്ചനക്ഷത്രത്തിനു താഴെ ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
∙ മെയ് 18: ഏക ദൃക്സാക്ഷിയായ അമ്പിളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കി
∙ മെയ് 24: അമ്പിളിയുടെ മൊഴി ശരിയെന്ന് നുണപരിശോധനയിൽ തെളിഞ്ഞെന്ന വാർത്ത പുറത്തുവന്നു. പ്രതിഷേധവുമായി മാണിയും കേരള കോൺഗ്രസ് പാർട്ടിയും രംഗത്ത്
∙ മെയ് 26: മൊഴി ചോർന്ന വാർത്ത അന്വേഷിക്കാൻ അഡി.ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടു. പിന്നാലെ നുണപരിശോധന ഫലം കോടതി പുറത്തുവിട്ടു
∙ ജൂൺ 3: മാണിക്കെതിരെ ശ്കതമായ തെളിവുണ്ടെന്നും കുറ്റപത്രം നൽകാമെന്നും എസ്പി ആർ,സുകേശന്റെ റിപ്പോർട്ട്. കേസ് അവസാനിപ്പിക്കണമെന്ന് വിൽസൺ എം.പോൾ.
∙ ജൂലൈ 7: മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനു തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുകേശൻ വിജിലൻസ് കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി
∙ ഒക്ടോബർ 29: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ്