കോട്ടയം: പ്രതിഷേധം ഭയന്ന് ധനമന്ത്രി കെ.എം മാണി ഇടുക്കില്‍ നടത്താനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളും പൊതുപരിപാടികളും റദ്ദാക്കി. കാഞ്ഞാര്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ നാലു സ്ഥലങ്ങളില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണു റദ്ദാക്കിയത്.മാണി പങ്കെടുക്കുന്ന പരിപാടികളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് യോഗങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്. മന്ത്രി കെ.എം മാണി ബാര്‍ ഉടമകളില്‍ നിന്ന് കോഴ വാങ്ങിയതിന് തെളിവുണ്ടെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തലിനെതിരെയാണ് പ്രതിക്ഷേധങ്ങള്‍.മാണിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ ഇടത് പക്ഷം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഇന്ന് വൈകിട്ട് പ്രക്ഷോഭം നടത്തും. കൂടുതല്‍ സമരപരിപാടികള്‍ ആലോചിക്കുന്നതായി പ്രതിപക്ഷം വ്യക്തമാക്കി.
അതിനിടെ ബാര്‍ക്കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഡ്വ.ജനറല്‍ ദണ്ഡപാണിയും തമ്മില്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന രഹസ്യചര്‍ച്ച നടന്നു.ബാര്‍ കോഴ കേസ് സംബന്ധിച്ച് എന്നും നിര്‍ണായക ചര്‍ച്ചകള്‍ക്ക് വേദിയായ ആലുവ പാലസില്‍ ഇന്ന് നിറഞ്ഞുനിന്നത് അഭ്യൂഹങ്ങളായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തൃശൂരില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചതോടെയാണ് അഭ്യൂഹങ്ങള്‍ ഒഴിഞ്ഞത്.
മന്ത്രി കെ.എം മാണിക്ക് എതിരായ ബാര്‍കോഴ കേസ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരുന്നു. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് നല്‍കിയ അന്തിമറിപ്പോര്‍ട്ട് കോടതി തള്ളിയതാണ് തിരിച്ചടിയായത്.തുടരന്വേഷണത്തെ മന്ത്രി മാണി സ്വാഗതം ചെയ്യുകയും മാണി മന്ത്രിപദം ഒഴിയേണ്ടകാര്യമില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് ആലുവയില്‍ എജിയുമായി നടത്തിയ ചര്‍ച്ച ഏറെ ശ്രദ്ധേയമായിരുന്നു. രണ്ടുഘട്ടങ്ങളിലായി ബാര്‍കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണവും റിപ്പോര്‍ട്ടും പരിശോധിച്ച കോടതി ചില കാര്യങ്ങള്‍കൂടി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് കേസിന്റെ ഘട്ടമായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നതെന്ന സൂചനയാണ് ഇന്നത്തെ ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്.
പാമോയിലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ താന്‍ രാജിവയ്ക്കാതെ നിയമനടപടികള്‍ നേരിട്ടതുപോലെ മാണിയും മുന്നോട്ട് പോകട്ടെയെന്ന ഉറച്ച നിലപാടിലാണ് മുഖ്യമന്ത്രി. പലമന്ത്രിമാരും ഇത്തരത്തില്‍ തുടരന്വേഷണം നേരിടുകയും അന്നുണ്ടായ കീഴ്‌വഴക്കങ്ങള്‍ തനിക്കും ബാധകമാണെന്ന നിലപാടില്‍ മാണിയും ഉറച്ചുനില്‍ക്കുകയാണ്. ബാര്‍കോഴ കേസില്‍ കൂടുതല്‍ നിയമോപദേശം നേടാന്‍ എജിയെ ചുമതലപ്പെടുത്തിയെന്നാണ് സൂചന.കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. ഹൈക്കോടതിയില്‍ ഇന്നു തന്നെ റിവിഷന്‍ ഹര്‍ജി നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക.വിജിലന്‍സ് ഡയറക്ടര്‍ക്ക് എതിരായ പരാമര്‍ശം നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.