തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിന് എതിരെ കുരുക്ക് മുറുകുന്നു. മന്ത്രിക്കെതിരെയുള്ള കൂടുതല്‍ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജു രമേശിനു പുറമേ മറ്റ് ബാറുടമകള്‍ നേരത്തെ വിജിലന്‍സിന് നല്‍കിയ മൊഴിയാണ് ഇന്നലെ പുറത്തുവന്നത്. ബാര്‍ ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കമാരംഭിച്ച സമയത്തു തന്നെ ബാറുടമകള്‍ മന്ത്രിക്ക് നല്‍കാന്‍ വന്‍തോതില്‍ പണം പിരിച്ചുതുടങ്ങിയെന്നാണ് രണ്ടു ബാറുടമകള്‍ വിജിലന്‍സിന് നല്‍കിയ മൊഴി. തൃശൂരില്‍ നിന്നുമാത്രം ഇങ്ങനെ പത്തു ലക്ഷം രൂപയാണ് പിരിച്ചതെന്നാണ് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹി സി.ഡി. ജോഷി വിജിലന്‍സിന് നല്‍കിയ മൊഴി.
ലൈസന്‍സ് ഫീസ് വര്‍ദ്ധന കുറയ്ക്കാന്‍ നല്ല ചെലവുവരുമെന്നാണ് മറ്റൊരു ഭാരവാഹി ബാറുടമകളോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴികളെല്ലാം വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്‍ തള്ളുകയാണ് ഉണ്ടായത്. ഇവ വിശ്വാസയോഗ്യമല്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്.അതിനിടെ കെ.എം. മാണിയും ബാബുവിന് എതിരെ തുറന്നടിച്ചിട്ടുണ്ട്. കേസില്‍ തനിക്ക് എതിരെയുള്ളതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ബാബുവിന് എതിരെയുണ്ടെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ മാണി പറഞ്ഞത്.
അതിനിടെ ബാര്‍കോഴ കേസില്‍ യുഡിഎഫില്‍ കലാപം. മാണി രാജിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ സമാന ആരോപണം നേരിട്ട മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം പോലും നടക്കാത്തതാണ് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ബാര്‍ കോഴയുടെ പശ്ചാത്തലത്തില്‍ ബാബുവിനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കി സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനും വ്യക്തമാക്കിയതോടെ യുഡിഎഫ് അങ്കലാപ്പിലായിരിക്കുകയാണ്.
ബാബുവിനെതിരെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ വിമര്‍ശനവും കുര്യന്റെ വിമര്‍ശനങ്ങള്‍ യുഡിഎഫ് അന്വേഷിക്കണം എന്ന ആവശ്യവുമായി പിജെ ജോസഫ് രംഗത്തെത്തിയതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബാര്‍ കോഴകേസില്‍ രണ്ടു നീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പിജെ കൂര്യന്‍ പറഞ്ഞു. കെ മാണിക്കും മന്ത്രി കെ ബാബുവിനും രണ്ട് നീതിയാണ് ലഭിച്ചത്. ബാര്‍ കോഴ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായിട്ടുണ്ട്. ഒരേ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരോട് ഓരേ വിഷയത്തില്‍ രണ്ട് സമീപനം സ്വീകരിച്ചത് ശരിയായില്ലെന്നും കെപിസിസി നിര്‍വ്വാഹസമിതി യോഗത്തില്‍ പിജെ കുര്യന്‍ തുറന്നടിച്ചിരുന്നു
അതേസമയം പിജെ കുര്യന്റെ വിമര്‍ശനങ്ങള്‍ യുഡിഎഫ് അന്വേഷിക്കണം എന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫും രംഗത്തെത്തിയത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.ബാര്‍ കോഴയില്‍ ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പരിഹാസവും വിമര്‍ശനവുമായ കെഎം മാണി എംഎല്‍എ നേരത്തെ രംഗത്തെത്തിയിരുന്നു.ബാര്‍ കേസില്‍ ബാബുവിന് നേരിട്ട് കോഴ കൊടുത്തു എന്ന ആരോപണമാണ് ഉയര്‍ന്നത്. എന്നാല്‍ തനിക്ക് എതിരെ ഉള്ളത് ബിജു രമേശിന്റെ കേട്ടു കേള്‍വികള്‍ മാത്രമാണെന്ന് കെഎം മാണി പറഞ്ഞിരുന്നു. എന്നിട്ടും ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് മാണി ചോദിച്ചിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് മാണി ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ഇന്നലെ നേരിട്ട് പരാമര്‍ശം നടത്തിയ മാണി ഇന്ന് രാവിലെ അത് തിരുത്തി. താന്‍ അങ്ങനെ പറഞ്ഞിട്ടിലെന്നായിരുന്നു ഇന്നത്തെ വിശദീകരണം. എന്നാല്‍ ബാബുവിനെ പൂര്‍ണമായും പരിഹസിച്ചുള്ളതാണ് പുതിയ പ്രതികരണം. ബാബുവിന് നല്ലതുവരട്ടെയന്ന് ആഗ്രഹിക്കുന്നയാണാളാണ് താന്നാണ് മാണിയുടെ തിരുത്ത്. മാണിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതോടെ ബാബുവും പ്ര്ത്യകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിരോധത്തിലായിരിക്കുകയാണ്.
കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെയും എന്നാല്‍, പരോക്ഷമായ സൂചിപ്പിച്ചും അതിരൂക്ഷ കടന്നാക്രണമായിരുന്നു മാണി ഇന്നലെ നടത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച മാണി തനിക്ക് കിട്ടേണ്ടയിടത്തുനിന്നും നീതി ലിഭിച്ചില്ലെന്നും കുറ്റപ്പെടുത്തുകയുണ്ടായി. തന്റെ രക്തത്തിനായി പ്രവര്‍ത്തിച്ചവരെ അറിയാം. രാജിവെച്ചുപോകുമ്പോള്‍ സഹപ്രവര്‍ത്തകരുടെ പേരുകള്‍ പറയാന്‍ ഒരുക്കമല്ലാത്തതിനാല്‍ പറയുന്നില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. രാഷ്ട്രീയ ഗൂഢാലോചന മന്ത്രിസഭയില്‍നിന്നുതന്നെയാണ് ഉണ്ടായതെന്ന് വ്യക്തമായി സൂചിപ്പിക്കുയായിരുന്നു ഇതിലൂടെ മാണി. അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും മാണി ആവശ്യപ്പെടുകയുണ്ടായി.
മാണിയുടെ വിമര്‍ശനവും ബാബുവിനെതിരെ കോണ്‍ഗ്രസില്‍ നിന്നും തന്നെ പടയൊരുക്കവും തുടങ്ങിയ സാഹചര്യത്തില്‍ ബാര്‍ കോഴയില്‍ മന്ത്രി ബാബുവിന് കോഴ നല്‍കിയെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍ കൂടി പുറത്തു വന്നതും കോണ്‍ഗ്രസിന് വിനയായിരിക്കുകയാണ്.ബാബുവിനെതിരെ തെളിവോ മൊഴിയോ ഇല്ലെന്നായിരുന്നു ബാബുവും കോണ്‍ഗ്രസ് നേതാക്കളും വാദിച്ചുകൊണ്ടിരിക്കുന്നത്. കോഴ ആദ്യം ആരോപിച്ച ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ബാബുവിനെതിരെ 164 അനുസരിച്ച് മൊഴികൊടുത്തുവെങ്കിലും കേസ് എടുക്കാന്‍ തയ്യാറായിട്ടില്ല. മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നതോടെ ബാബുവിന്റെ വാദങ്ങളും പൊളിഞ്ഞതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. ബാബുവിനെതിരെ കോടതിയില്‍ നേരിട്ട് കേസ് ഫയല്‍ ചെയ്യുമെന്ന് ബിജു രമേശ് വ്യക്തമാക്കിയിട്ടുണ്ട്. മാണിയുടെ ആക്രമണവും രഹസ്യമൊഴി നല്‍കിയതിന്റെ പകര്‍പ്പുകളും പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വീണ്ടും സമ്മര്‍ദത്തിലേക്ക് നീങ്ങുകയാണ്.
ബാബുവിനെതിരെ കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതും മുന്നണിക്കുള്ളില്‍ ഭിന്നത രൂക്ഷമായി. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഐ ആന്റണിയുടെ പൊതു പ്രസംഗവും വിവാദമായിരുന്നു.മന്ത്രിസഭയിലെ എല്ലാവരും ബാര്‍ മുതലാളിമാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നായിരുന്നു കെ ഐ ആന്റണിയുെട പ്രസംഗം. മന്ത്രിസഭയിലെ എല്ലാവരും ബാര്‍ മുതലാളിമാരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാര്‍കോഴ കേസില്‍ സത്യം പുറത്തുവന്നാല്‍ യുഡിഎഫിലെ പലരും പ്രതിക്കൂട്ടിലാകുമെന്നും മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം തൊടുപുഴയിലെ പൊതുപരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു.