തിരുവഞ്ചൂര്‍ അടൂര്‍പ്രകാശ് പോര് :രസ്യ ഏറ്റുമുട്ടലിലേക്ക്:അടൂര്‍ പ്രകാശിന് മറുപടിയുമായി തിരുവഞ്ചൂര്‍

തിരുവനന്തപുരം : കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും റവന്യൂ വകുപ്പ് മന്ത്രി അടൂര്‍പ്രകാശും തമ്മിലുള്ള വാക്‌പോര് പരസ്യമായതോടുകൂടി ‘എ-ഐ’ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.അതിനിടെ ഇന്ന് റവന്യൂഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പ് രഹസ്യനീക്കം നടത്തിയെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമവിധേയമായി മാത്രമേ പട്ടയം നല്‍കാവൂ എന്നാണ് തന്റെ നിലപാട്. എങ്കിലേ ആളുകള്‍ക്ക് പ്രയോജനം ചെയ്യുകയുള്ളൂ. ഇക്കാര്യത്തില്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ അടൂര്‍ പ്രകാശിനുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. പട്ടയം നല്‍കുന്നതിന് വനംവകുപ്പ് ഒരിക്കലും തടസം നിന്നിട്ടില്ല. അടൂര്‍ പ്രകാശ് തനിക്കെതിരെ കടുത്തവാക്കുകള്‍ ഉപയോഗിക്കാന്‍ സാധ്യതയില്ല. മന്ത്രിസഭാ യോഗത്തിലെ രഹസ്യങ്ങള്‍ പുറത്തുപറയരുത്. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
റവന്യൂവകുപ്പിന്റെ ഭൂമി, മന്ത്രിയായ താന്‍ അറിയാതെ വനംവകുപ്പ് കൈവശപ്പെടുത്തുകയാണെന്ന അടൂര്‍പ്രകാശിന്റെ ആരോപണങ്ങളാണ് കഴിഞ്ഞ കാബിനറ്റ് യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ പ്രശ്‌നത്തില്‍ വനംവകുപ്പ് മന്ത്രിയുമായി തര്‍ക്കമുണ്ടായി എന്ന് പരസ്യമായി വെളിപ്പെടുത്തിയത് അടൂര്‍പ്രകാശ് തന്നെയാണ്. കാബിനറ്റ് മീറ്റിങ്ങിലെ കാര്യങ്ങള്‍ പരസ്യമായി വെളിപ്പെടുത്താന്‍ പാടില്ല എന്നിരിക്കെയാണ് അടൂര്‍പ്രകാശ് ഇങ്ങനെയൊരു വെടിപൊട്ടിച്ചത്. ഗവണ്‍മെന്റിന്റെ അഭിമാനപദ്ധതിയായ പട്ടയവിതരണം തടസ്സപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പുകാരന്‍ തന്നെയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഇപ്പോള്‍ ‘ഐ’ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. പാവപ്പെട്ട ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട പല ഭൂമിയും മുന്നറിയിപ്പില്ലാതെ വനംവകുപ്പ് ഏറ്റെടുക്കുകയാണെന്നാണ് റവന്യൂവകുപ്പിന്റെ പരാതി. ഐ ഗ്രൂപ്പ് മന്ത്രിമാര്‍ക്കെതിരെയും നേതാക്കന്‍മാര്‍ക്കെതിരെയും കുറച്ചുനാളുകളായി അണിയറയില്‍ എന്തൊക്കെയോ നീക്കങ്ങള്‍ നടക്കുന്നതായി ‘ഐ’ ഗ്രൂപ്പ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയിലും കശുവണ്ടി കോര്‍പ്പറേഷനിലും നടക്കുന്ന ക്രമക്കേടുകളില്‍ പ്രതിസ്ഥാനത്ത് വന്നത് ഐ ഗ്രൂപ്പ് നേതാക്കന്‍മാരാണ്. വി.എം. സുധീരന്‍ ‘ഐ’ ഗ്രൂപ്പ് നേതാക്കന്‍മാര്‍ക്കെതിരെ എടുത്ത ചില നടപടികളില്‍ ‘എ’ ഗ്രൂപ്പിന് പങ്കുണ്ടോ എന്നാണ് ഇപ്പോള്‍ ‘ഐ’ഗ്രൂപ്പ് സംശയിക്കുന്നത്. ആഭ്യന്തര വകുപ്പ് കൈയ്യില്‍ നിന്ന് പോയപ്പോള്‍ മുതല്‍ തിരുവഞ്ചൂര്‍ അസ്വസ്ഥനാണ്. അതിനുപകരം പഴയവകുപ്പായ റവന്യൂകിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമായി ആ വകുപ്പും ‘ഐ’ ഗ്രൂപ്പിന് കൊടുക്കേണ്ടിവന്നു. വനംവകുപ്പ് ഏറ്റെടുക്കുവാന്‍ ആദ്യം വിസമ്മതിച്ച തിരുവഞ്ചൂരിന് ആര്യാടന്‍ മുഹമ്മദിന്റെ കൈയ്യിലുള്ള ഗതാഗതം കൂടി ഏറ്റെടുത്തുനല്‍കിയാണ് മുഖ്യമന്ത്രി സമാധാനിപ്പിച്ചത്. ആനക്കൊമ്പുവേട്ടക്കേസില്‍ അറസ്റ്റിലായവരെ മര്‍ദ്ദിച്ചു എന്നതിന്റെ പേരില്‍ വനംവകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്സെടുത്തതും തിരുവഞ്ചൂരിനെ ചൊടിപ്പിച്ചിരുന്നു. ആഭ്യന്തരവകുപ്പിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

തൃശൂരിൽ പട്ടയമേളക്കിടെയാണ് റവന്യൂമന്ത്രി അടൂർപ്രകാശ് മന്ത്രിസഭായോഗത്തിൽ വനംമന്ത്രിയുമായുണ്ടായ തർ്ക്കം വെളിപ്പെടുത്തിയത്. റവന്യൂഭൂമി ഏറ്റെടുക്കാൻ വനംവകുപ്പ് രഹസ്യനീക്കം നടത്തിയെന്നാണ് അടുർ പ്രകാശ് ഉന്നയിച്ച ആരോപണം. സംസ്ഥാനത്ത് പട്ടയവിതരണത്തിന് തടസം വനംവകുപ്പാണെന്നും റവന്യൂമന്ത്രി തൃശൂരിൽ കുറ്റപ്പെടുത്തി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പട്ടയവിതരണത്തിൽ വനംവകുപ്പ് ഉയർത്തുന്ന തടസങ്ങൾ വിവരിക്കുന്നതിനിടെ വനംമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ ഉദാഹരണം സഹിതം വിമർശിക്കാനാണ് മന്ത്രിസഭയിലെ തർക്കം റവന്യൂമന്ത്രി വെളിപ്പെടുത്തിയത്. പറയുന്നത് ശരിയല്ലെന്ന മുഖവുരയോടെയായിരുന്നു മന്ത്രിസഭാ രഹസ്യത്തിന്റെ പതിവ് തെറ്റിച്ചുള്ള പൊതുവേദിയിലെ പരസ്യമാക്കൽ..

പിൻവാതിലൂടെ ഭൂമി തട്ടിയെടുക്കാനാണ് ശ്രമമെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനൽകില്ലെന്നും തറപ്പിച്ച് പറഞ്ഞതോടെ മന്ത്രിസഭയിലെ തർക്കത്തിനൊപ്പം സർക്കാരിലെ മാസങ്ങളായുള്ള അഭിപ്രായവ്യത്യാസവും പരസ്യമായി. മന്ത്രിമാർ തമ്മിലുള്ള തർക്കം മൂലം വനം റവന്യൂഭൂമികൾ വേർതിരിക്കുന്നതിൽ ഹൈക്കോടതി നിർദേശമുണ്ടായിട്ടും സർക്കാർ നടപടിയെടുത്തിരുന്നില്ല.
തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ഈ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്ക് കാരണമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Top