വിജിലന്‍സിന്റെ ഇരട്ടനീതി!മന്ത്രി ബാബുവിന് എതിരായ അന്വേഷണം അവസാനിപ്പിച്ചത് നിയമോപദേശം തേടാതെ

തിരുവനന്തപുരം:ഇരട്ടനീതി വിവാദം ചര്‍ച്ചയായിരിക്കുമ്പോള്‍ മന്ത്രി കെ.ബാബുവിന്റെ അന്യോഷണത്തില്‍ വിജിലന്‍സിന്റെ ‘ഇരട്ടനീതി’പുറത്തു വരുന്നു. മന്ത്രി കെ. ബാബുവിനെതിരെയുള്ള ബാര്‍കോഴ ആരോപണത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചത് നിയമോപദേശം തേടാതെയാണ് എന്ന റിപ്പോര്‍ട്ട് പുറത്ത്.. മന്ത്രിക്ക് അനുകൂലമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെയുള്ള കോഴ ആരോപണത്തില്‍ അന്വേഷണം നടന്നപ്പോള്‍ രണ്ട് പേരില്‍ നിന്നാണ് നിയമോപദേശം തേടിയത്. കേസില്‍ ഇരട്ടനീതിയെന്ന ആരോപണത്തിന് കരുത്തുപകരുന്നതാണ് ഇത്. റിപ്പോര്‍ട്ടില്‍ പ്രത്യേക ശുപാര്‍ശയില്ലാത്തത് കൊണ്ടാണ് നിയമോപദേശം തേടാതിരുന്നതെന്നാണ് വിജിലന്‍സിന്റെ ന്യായീകരണം.Mani oc
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ എക്‌സൈസ് മന്ത്രി കെ. ബാബു പത്ത് കോടി രൂപ കോഴവാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിലായിരുന്നു വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി ജൂണ്‍ ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരനായ ബിജു രമേശിന്റെയടക്കം അഞ്ച് സാക്ഷി മൊഴികള്‍ ബാബുവിനെതിരായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന നിര്‍ദേശത്തോടെയുള്ള റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡിവൈ.എസ്.പി. എം.എന്‍ രമേശ് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍. എം. പോളിന് കൈമാറിയത്.
മന്ത്രിക്കെതിരായ കോഴ ആരോപണമെന്ന പശ്ചാത്തലത്തില്‍ വിവാദമായ കേസാണെന്ന വസ്തുത നിലനില്‍ക്കെ റിപ്പോര്‍ട്ടിന്മേല്‍ വിജിലന്‍സ് നിയമോപദേശം തേടണം. ഈ നടപടിക്രമം കെ. ബാബുവിനെതിരായ അന്വേഷണത്തില്‍ നടന്നില്ല.
മാത്രമല്ല ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി.ഡി ജോഷി കോഴ ഇടപാട് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശവുമുണ്ടായിരുന്നു. സാക്ഷിമൊഴികള്‍ കെ. ബാബുവിനെതിരെ നിലനില്‍ക്കെ തുടര്‍നടപടി സ്വീകരിക്കുമ്പോള്‍ നിയമോപദേശം തേടേണ്ടത് ആവശ്യവുമായിരുന്നു. എന്നാല്‍ ഏകപക്ഷീയ തീരുമാനം വിജിലന്‍സ് ഡയറക്ടര്‍ കൈക്കൊള്ളുകയായിരുന്നു എന്നാണ് ആരോപണം. മുന്‍ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ സത്വര അന്വേഷണം നടന്നപ്പോള്‍ വിജിലന്‍സ് നിയമോപദേഷ്ടാവ് സി ഡി അഗസ്റ്റിനില്‍ നിന്നും, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശീന്ദ്രനില്‍ നിന്നും ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. ഇതിന് ശേഷമാണ് കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന നിലപാടില്‍ വിജിലന്‍സ് അന്നെത്തിയത്. അതേസമയം മന്ത്രി കെ ബാബുവിനെതിരെനടന്നത് പ്രാഥമിക അന്വേഷണമായിരുന്നതിനാലും റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ച ശുപാര്‍ശ ഇല്ലാഞ്ഞതിനാലുമാണ് നിയമോപദേശം തേടാതിരുന്നതെന്നാണ് വിജിലന്‍സിന്റെ ന്യായീകരണം.

Top