തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് തവണയായി പണം കൊടുത്തു എന്നു പറയുന്നതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട് കളവെന്ന് ബോധ്യപ്പെട്ടതായി വിജിലന്‍സ് പറയുന്നു. ബാറുടമകള്‍ക്ക് വേണ്ടി കെഎം മാണി ഒന്നും ചെയ്തിട്ടില്ലെന്നും 2014-ലെ മൂന്ന് കൂടിക്കാഴ്ചകളിലും പണം കൈമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാര്‍ വിഷയം നിയമവകുപ്പിന് വിട്ടതില്‍ അപാകതയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് എസ്.പി എസ്.സുകേശന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മദ്യനയം സംസ്ഥാനത്ത് നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടമാണ് ബിജു രമേശിന്റെ ആരോപണത്തിന് പിന്നില്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനായിരുന്നു ബിജു രമേശ് പണം നല്‍കിയെന്ന ആരോപണം ഉന്നയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. മാണിക്ക് കോഴ നല്‍കിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ബാറുടമകളുടെ മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടില്‍ കോഴയാരോപണം ദുര്‍ബ്ബലമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇന്ന് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് വിജിലന്‍സ് കോടതി അടുത്ത മാസം പതിനാറിലേക്ക് മാറ്റിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണസംഘത്തിന്റെ വസ്തുതാ വിവര റിപ്പോർട്ടും കേസ് ഡയറിയും ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ബാര്‍ ഉടമകള്‍ മൊഴി നല്‍കാനെത്താത്തതിനാല്‍ വിജിലന്‍സിന്റെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു. മൊഴി നല്‍കാന്‍ എത്തണമെന്ന് കാട്ടി ബാറുടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാജ്കുമാര്‍ ഉണ്ണി അടക്കമുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുള്ളത് കൊണ്ട് സമയം നീട്ടിനല്‍കേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
കെ.എം മാണിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ കോഴ വാങ്ങിയതിനോ,ചോദിച്ചതിനോ മാണിക്കെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നു. 2014-മാര്‍ച്ച് 22-ന് പാലയിലെ വസതിയില്‍ വെച്ച് 15 ലക്ഷം കെ.എം മാണിക്ക് കൈമാറിയെന്ന ബാറുടകളുടെ ആരോപണം തെറ്റാണ്. പണം കൈമാറിയെന്ന് പറയുന്ന സമയത്ത് ബാറുടമ സജു ഡൊമനിക്ക് പൊന്‍കുന്നത്തായിരുന്നു ഉണ്ടായിരുന്നത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി കെ.എം മാണിക്ക് 10 ലക്ഷം രൂപ കൊടുത്തുവെന്ന ആരോപണവും വിജിലന്‍സ് തള്ളി.കെ.എം മാണിയെ സന്ദര്‍ശിച്ച് പുറത്ത് ഇറങ്ങിയതിന് ശേഷമാകാം ബിജു രമേശ് നല്‍കിയ പണം രാജ്കുമാര്‍ ഉണ്ണി കൈപ്പറ്റിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പരാതിക്കാരനായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കെതിരെ രംഗത്തു വന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് ചോദ്യംചെയ്ത് കോടതിയെ സമീപിക്കുമെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു. മറ്റാരോ റിപ്പോര്‍ട്ട് തയ്യാറാക്കിയശേഷം സുകേശനെക്കൊണ്ട് ഒപ്പുവയ്പ്പിക്കുകയാണ് ഉണ്ടായതെന്ന് കരുതുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം സുകേശന്‍ തന്നെ കണ്ടിരുന്നു. സന്ദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ബിജു പറഞ്ഞു. ലോകയുക്തയുടെ പരിഗണനയിലുള്ള കേസ് ദുരുദ്ദേശത്തെടെയാണ് വിജിലന്‍സ് കോടതി മുന്‍പാകെ എത്തിയതെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു.