ന്യുഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ച് കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്. മദ്യനയം വിവേചനപരമല്ലെന്നും മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.ഇതോടെ സംസ്ഥാനത്തെ പൂട്ടിയ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കില്ല. നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന 27 ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമേ ഇനി പ്രവര്‍ത്തനാനുമതിയുള്ളു. ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സെന്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. പതിനഞ്ചിലധികം ഹര്‍ജികളാണ് ബാറുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരിഗണിച്ചിരുന്നത്.
സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ.ബാബു പ്രതികരിച്ചു. വിധിയില്‍ നിരാശയുണ്ടെന്നും തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ബാറുടമകള്‍ പ്രതികരിച്ചു. രണ്ട് വാചകങ്ങളിലായിരുന്നു സുപ്രീം കോടതി വിധി. കേസുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളുന്നുവെന്ന് മാത്രമാണ് ബെഞ്ച് വിധിച്ചത്.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവയുടെ ലൈസന്‍സ് റദാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുടമകളും തൊഴിലാളികളുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നയത്തില്‍ സുപ്രീംകോടതി ഇടപെടാന്‍ പാടില്ലെന്നും, മദ്യ ഉപഭോഗം കുറയ്ക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന ഖൊഡെയ്‌സ് കേസിലെ വിധ്യാന്യായത്തിലൂന്നിയുമാണ് കേരളം പ്രധാനമായും വാദിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് അനുവദിക്കുന്നതിലൂടെ കേരളം വിവേചനം കാട്ടുകയാണെന്നായിരുന്നു ബാറുടമകളുടെ പ്രധാന വാദം. കൂടാതെ മദ്യഉപഭോഗം കുറയുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി. ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറല്‍ മുഗള്‍ റോഹ്ത്തഗി മുതല്‍ രാജീവ് ധവാന്‍, എല്‍.നാഗേശ്വര റാവു അടക്കമുള്ളവര്‍ ഹാജരായി